പേരാമ്പ്രയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് വരുമോ? പരിഗണിക്കുന്നത് ഈ സ്ഥലങ്ങള്‍, തുറന്ന വാഹനത്തില്‍ കയറി കടുവകളെ കാണാം



പേരാമ്പ്ര: മലബാറില്‍ വനം വകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായത്.

പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഏകദേശം 60 ഏക്കര്‍ ഭൂമിയാണ് കണക്കാക്കുന്നത്. ഇതിനായി ചെമ്പനോടയില്‍ 114 ഹെക്ടര്‍ വനഭൂമി, പേരാമ്പ്രയില്‍ തന്നെയുള്ള പി.സി.കെ എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളാണ് പരിഗണനയിലുള്ളത്. ഇത് രണ്ടും യോജ്യമല്ലെങ്കില്‍ കണ്ണൂര്‍ ആറളം വന്യ ജീവി സങ്കേതത്തോടു ചേര്‍ന്നുള്ള ഭൂമി പരിഗണിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാര്‍ ഡാമിലുള്ള സിംഹ പാര്‍ക്കിന്റെ മാതൃകയിലുള്ള പാര്‍ക്കാണ് സ്ഥാപിക്കാന്‍ തീരുമാനം. വിനോദ സഞ്ചാരികള്‍ക്ക് തുറന്ന വാഹനത്തിലൂടെ സഞ്ചരിച്ച് കടുവകളെ കാണാനുള്ള സൗകര്യമാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.

സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പ്രകാരം മലബാര്‍ മേഖലയില്‍ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.