താമരശ്ശേരി ചുരത്തില്‍ കടുവ! മുന്നറിയിപ്പുമായി വനംവകുപ്പ്
താമരശ്ശേരി: താമരശ്ശേരി ചുരം ഒന്‍പതാം വളവില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഒന്‍പതാം വളവിന് താഴെയായി കടുവയെ കണ്ടത്.
അല്‍പ്പ നേരം പരിസരത്ത് നിന്ന ശേഷം റോഡ് മുറിച്ച് കടന്ന് വന പ്രദേശത്തേക്ക് പോവുകയായിരുന്നു. കടുവയെ കണ്ട ലോറി ഡ്രൈവറാണ് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തിയത് അപൂര്‍വ്വ സംഭവമായതിനാല്‍ വിവരം അറിഞ്ഞ യാത്രക്കാര്‍ക്കും കൗതുകമായി. ലക്കിടിയില്‍ നിന്നാവാം കടുവ ചുരത്തിലേക്ക് എത്തിപ്പെട്ടതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് തളിമല വിടിക്കുന്നിലെ ജനവാസ മേഖലയില്‍ കടുവയെ കണ്ടെത്തിയത്.
കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.