‘ഞാന്‍ ഇങ്ങനെയാണ് തള്ളിയത്, അയാള്‍ താഴെവീണു’; തൃശൂരില്‍ ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കൂസലില്ലാതെ വിവരിച്ച് പ്രതി


കൊച്ചി: ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം യാതൊരു കൂസലുമില്ലാതെ സംഭവം വിവരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ‘ഞാന്‍ ഇങ്ങനെയാണ് തള്ളിയത്, അയാള്‍ താഴെവീണു’ എന്ന് പ്രതി പോലീസുകാരോട് വിവരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതി ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത രണജിത്ത് (40) റെയില്‍വേ പോലീസിനോടും ആര്‍.പി.എഫിനോടും സംഭവത്തെക്കുറിച്ച് വിവരിച്ചു. ട്രെയിനിലെ സീറ്റില്‍ കിടന്നുകൊണ്ട് വലിയ ശബ്ദത്തോടെയാണ് പ്രതി ഇതെല്ലാം പറയുന്നത്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകണമെന്ന് ഇയാള്‍ നിരന്തരം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം വെളപ്പായയില്‍വെച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടി.ടി.ഇ.യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുപ്പെടുത്തിയത്. എറണാകുളം സ്വദേശി ഇ.കെ. വിനോദ് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകുന്നേരം ഏഴോടെ പട്ന സൂപ്പര്‍ഫാസ്റ്റിലാണ് സംഭവം. ബന്ധപ്പെട്ട കോച്ചില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ പക്കല്‍ ഇല്ലായിരുന്നു. തുടര്‍ന്ന്, കോച്ചില്‍നിന്ന് പോകാനും പിഴയടക്കാനും ടി.ടി.ഇ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായി ടി.ടി.ഇയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഉടന്‍ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇയെ വിവരമറിയിച്ചു. പിന്നാലെ റെയില്‍വേ പൊലീസിന് വിവരം കൈമാറുകയായിരുന്നു.