അരൂരിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
നാദാപുരം: അരൂരിൽ എം.ഡി.എംഎ യുമായി യുവാക്കൾ അറസ്റ്റിൽ. ചേലക്കാട് ചരളിൽ ലക്ഷംവീട് ഉന്നതിയിലെ സി.അർഷാദ് (29), മൊകേരി കടത്തനാട് കല്ലിന് സമീപം താമസിക്കും കല്ലാച്ചി സ്വദേശി ഓട്ടത്താൻ്റവിട വീട്ടിൽ മുഹമ്മദ് അൻവർ സാദത്ത് (30), അരൂർ സ്വദേശി പിടിപിടിപ്പാൻ ചാലിൽ മുഹമ്മദലി (31) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. നാദാപുരം എസ് ഐ എം.പി.വിഷ്ണുവും, സബ് ഡിവിഷണൽ ഡി.വൈ.എസ്.പി എ.പി.ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കെ.എൽ 18 എഡി 6775 നമ്പർ കാറിൽ സൂക്ഷിച്ച നിലയിൽ നാല് ഗ്രാം എം.ഡി.എം.എ യും, 20 ഫ്ലിപ്പ് കവറുകളും, മയക്ക് മരുന്ന് ഉപയോഗിക്കുന്നവർക്ക് നൽകാൻ സൂക്ഷിച്ച് വെച്ച ഉപകരണങ്ങളും, അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടികൂടി. ശനിയാഴ്ച്ച ഉച്ചയ്ക്ക് അരൂർ നടേമ്മലിന് സമീപം എറക്കുന്നുമ്മലിൽ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ബംഗ്ളുരുവിൽ നിന്ന് എത്തിച്ചതായിരുന്നു എം.ഡി.എം.എ. നാദാപുരം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ വിൽപ്പനക്ക് എത്തിച്ചതാണ് മയക്ക് മരുന്നെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി. അർഷാദും, മുഹമ്മദലിയും നാദാപുരം സ്റ്റേഷനിൽ എം.ഡി.എം.എ കേസുകളിൽ പ്രതികളാണ്. മയക്ക് മരുന്ന് കേസിൽ രണ്ട് മാസം റിമാൻ്റിൽ കഴിഞ്ഞ് ഒരു മാസം മുമ്പാണ് അർഷാദ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. Summary: Three youths arrested with MDMA for sale in Aroor