വ്യവസായിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു; കേസിലെ പ്രതികള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയില്‍


കണ്ണൂര്‍: കണ്ണൂരില്‍ വ്യവസായിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂര്‍ സ്വദേശികളായ നൗഫല്‍ (39), ഷിഹാബ് (37) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ പൊലിസാണ് പ്രതികളെ വിദഗ്ദ്ധമായി പിടികൂടിയത്.

കണ്ണൂര്‍ നഗരത്തിലെ പ്രമുഖ വ്യവസായിയും കെട്ടിടനിര്‍മാതാവുമായ ഉമ്മര്‍ക്കുട്ടിയെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞു ആക്രമിച്ചു മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു പ്രതികള്‍. കഴിഞ്ഞ ആറിന് രാത്രി എട്ടുമണിയോടെ താണ മെട്രോബില്‍ഡിങ്ങിലാണ് സംഭവം. ഇവിടെ മുകള്‍ നിലയിലുളള ഉമ്മര്‍കുട്ടിയുടെ ഓഫീസില്‍ കയറി മുളക് പൊടി കണ്ണിലെറിഞ്ഞ് അക്രമിക്കുകയായയിരുന്നു പ്രതികള്‍.

ഉമ്മര്‍ക്കൂട്ടിയുടെ ഫോണ്‍ തട്ടിയെടുത്ത് അതിലെ സ്വകാര്യ വീഡിയോസ് കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോണ്‍ തട്ടിയെടുക്കാന്‍ പദ്ധതി ആവിഷകരിച്ചത് ഹാരിസാണെന്ന് പൊലിസ് പറഞ്ഞു. ഹാരിസിന്റെ സുഹൃത്തക്കളായ നൗഫല്‍, ഷിഹാബ് എന്നിവരെ ഉള്‍പ്പെടുത്തി ഫോണ്‍ തട്ടിയെടുക്കാന്‍ പല തവണ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതിനൊടുവിലാണ് മുളക് പൊടി പ്രയോഗം നടത്തിയത്.

ഉമ്മര്‍കുട്ടിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പൊലിസിന് തിരിച്ചറിയാന്‍ സഹായിച്ചത്. സൈബര്‍ പൊലിസിന്റെ സഹായത്തോടെ നടത്തിയ ടവര്‍ ലൊക്കേഷനില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഈസമയത്ത് ബില്‍സഡിങിലുണ്ടെന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന് കണ്ണൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ് ബിനു മോഹന്‍ നേതൃത്വം നല്‍കി. എസ്. ഐമാരായ അരുണ്‍ നാരായണന്‍, നസീബ്, എ. എസ്.ഐ അജയന്‍ എന്നിവരും പങ്കെടുത്തു.