കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരില്‍നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവരില്‍ നിന്നും മൂന്നു കിലോഗ്രാമോളം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന പുല്‍പറ്റ സ്വദേശി പൂതനാരി ഫവാസി(30)ല്‍ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി. നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസി(28)മില്‍ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന തൃപ്പനച്ചി സ്വദേശിയായ പാര സലീ(34)മില്‍ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

മിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ എണ്‍പതിനായിരം രൂപയും ജാസിമിന് 1.2 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

അസിസ്റ്റന്റ് കമ്മിഷണര്‍ കെ എം സൈഫുദീന്‍, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, ബാബു നാരായണന്‍, മനോജ് എം, മുരളി പി, ഇന്‍സ്‌പെക്ടര്‍മാരായ അര്‍ജുന്‍ കൃഷ്ണ, ദിനേശ് മിര്‍ധ, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവില്‍ദാര്‍മാരായ അലക്‌സ് ടി എ, വിമല പി എന്നിവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.