ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നകമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടെന്നാരോപിച്ച് എടവരാട് കുഞ്ഞാറമ്പത്ത് മീത്തല്‍ ചന്ദ്രനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗളുരുവില്‍ വെച്ചാണ് പേരാമ്പ്ര പൊലീസ് പ്രതികളെ പിടികൂടിയത്.
എടവരാട് കുന്നത്ത് മീത്തല്‍ അന്‍ഷിദ് (28), കുട്ടോത്ത് മുണ്ടാരംപുത്തൂര്‍ മുഹമ്മദ് നാസില്‍ (24), എടവരാട് പുതിയോട്ടില്‍ അബ്ദുള്‍ റൗഫ് (28), അന്‍സാർ തുടങ്ങിയവര്‍ ആണ് അറസ്റ്റില്‍ ആയത്. ആഗസ്റ്റ് അഞ്ചിനു രാത്രി 12 മണിയോടെ ആണ് അക്രമം ഉണ്ടായത്.
എടവരാട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ‘ഒരുമിച്ച് മടക്കം’ എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് ചന്ദ്രന്‍ മതസ്പര്‍ദയും വിദ്വേഷവും ഉണ്ടാക്കുന്ന രീതിയില്‍ കമന്റ് ചെയ്തത്. തുടര്‍ന്ന് നാട്ടില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും പരസ്പരം വിദ്വേഷങ്ങള്‍ ഉണ്ടാക്കാനും ഉദ്ദേശിച്ചാണ് ചന്ദ്രന്‍ കമന്റിട്ടതെന്നും, ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
വടകര എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡി.വൈ.എസ്.പി കെ.കെ.ലതിഷിന്റെ നേതൃത്വത്തില്‍ സി.ഐ ജംഷിദ് എസ്.ഐമാരായ സെമീര്‍ പ്രദീപന്‍.പി’ എസ്.സി.പി.ഒമാരായ അരുണ്‍ ഗോഷ്, റിയാസ്, റിജേഷ്, സൈബര്‍ വിംഗ് രാധിക, വിനി, ചിഞ്ചു ദാസ്, ജയേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.