സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന; ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ട് യുവതികളുൾപ്പടെ മൂന്ന് പേർ പിടിയിൽ


ബാലുശ്ശേരി: പൂനൂരിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബാലുശേരി എരമംഗലം സ്വദേശിയായ വിൽപനക്കാരനും രണ്ട് യുവതികളും പിടിയിലായത്. ഇന്ന് വൈകീട്ടോടെയാണ് സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഇവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

എരമംഗലം ചെട്ട്യാംവീട്ടിൽ ഓലോതലക്കൽ ജയ്സലും (44) ഇയാളോടൊപ്പം ബാംഗ്ലൂർ വിജയനഗർ സ്വദേശിനിയായ രാധ ഗൗളി ശങ്കർ (24), ഹൈദരാബാദ് ആർ.ബി.ഐ കോളനി സ്വദേശിനിയായ ചാന്ദ്നി ഗട്ടൂൺ ഗർബാൻ അലി (27) എന്നീ യുവതികളുമാണ് പിടിയിലായത്. ജയ്സൽ വൻതോതിൽ എം.ഡി.എം.എ എത്തിച്ച് പൂനൂരിൽ ഫ്ലാറ്റിൽ വാടകക്ക് താമസിച്ച് ആവശ്യക്കാർക്ക് ചില്ലറ വിൽപന ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

പോലീസ് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇയാൾ യുവതികളോടൊപ്പം പൂനൂരിൽ വാടകറൂമിൽ ഉണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ നാർക്കോട്ടിക് സ്ക്വാഡംഗങ്ങളും ബാലുശേരി എസ്.ഐ സുജിലേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇവരിൽ നിന്നും മാരക മയക്കുമരുന്നായ രണ്ട് ഗ്രാം എം.ഡി.എം.എ യും അത് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രാണിക് ത്രാസും പോലീസ് കണ്ടെടുത്തു. പോലീസിനെ കബളിപ്പിക്കുന്നതിനായി ഇയാൾ സ്ത്രീകളെ മറയാക്കി ഫാമിലിയാണെന്ന വ്യാജേനയാണ് എം.ഡി.എം.എ കടത്തിയിരുന്നത്. ഇയാൾക്ക് മഞ്ചേരിയിൽ 38 ഗ്രാം എം.ഡി.എം.എ കടത്തിയതിനും, വിശാഖപട്ടണത്ത് 24.5 കിലോഗ്രാം കഞ്ചാവ് പിടിച്ചതിനും മറ്റും നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും ലഹരിക്കെതിരെ ശക്തമായ പരിശോധന തുടരുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷ് പറഞ്ഞു.