ജില്ലയില്‍ കൊയിലാണ്ടിയില്‍ ഉള്‍പ്പെടെ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു; 40ഓളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി


കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും ജില്ലയില്‍ വ്യാപക നാശനഷ്ടം. നേരത്തേ കോഴിക്കോട് താലൂക്കിലുണ്ടായിരുന്ന അഞ്ച് ക്യാംപുകള്‍ക്കു പുറമെ, മൂന്നു ക്യാംപുകള്‍ കൂടി പുതുതായി ആരംഭിച്ചു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലാണ് പുതുതായി ക്യാംപുകള്‍ ആരംഭിച്ചത്. രണ്ട് താലൂക്കുകളിലെ എട്ട് ക്യാംപുകളിലായി 77 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. നാല്‍പതോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.

കൊയിലാണ്ടി നഗരസഭയിലെ 29, 31, 32 വാര്‍ഡുകളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 13 കുടുബങ്ങളെ കോതമംഗലം ജിഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 16 പുരുഷന്മാര്‍, 21 സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിങ്ങനെ 39 പേരാണ് ക്യാംപിലുള്ളത്. ചങ്ങരോത്ത് വില്ലേജില്‍ കടിയങ്ങാട് മഹിമ സ്റ്റോപ്പിനടുത്തുള്ള വീട്ടില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടിയെയും കടിയങ്ങാട് എഎല്‍പി സ്‌കൂളിലെ നഴ്സറി കെട്ടിടത്തിലേയ്ക്ക് മാറ്റി.

കോഴിക്കോട് താലൂക്കിലെ കുറ്റിക്കാട്ടൂര്‍ വില്ലേജ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് പൈങ്ങോട്ടുപുറം അംഗന്‍വാടിയില്‍ പുതുതായി ആരംഭിച്ച ക്യാംപില്‍ രണ്ടു പേരാണുള്ളത്. ഇതുള്‍പ്പെടെ കോഴിക്കോട് താലൂക്കില്‍ നിലവിലുള്ള ആറു ക്യാംപുകളില്‍ 11 കുടുംബങ്ങളില്‍ നിന്നായി 38 പേരുണ്ട്.

ഇന്നലെയുണ്ടായ മഴയില്‍ വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ മൂന്ന്, കൊയിലാണ്ടിയില്‍ 10, വടകരയില്‍ അഞ്ച്, താമരശ്ശേരിയില്‍ മൂന്ന് എന്നിങ്ങനെയാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.

ചെങ്ങോട്ടുകാവ് വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 കുടുംബങ്ങളെയും താമരശ്ശേരി പനങ്ങാട് പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 11 കുടുംബങ്ങളെയും കുറ്റ്യാടിപ്പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി.