പൂക്കാട് മോഷണം; സൂചന ലഭിച്ചത് പ്രതികളിലൊരാളെ മറ്റൊരു കേസില്‍ പിഷാരികാവിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ, തമിഴ്‌നാട് പൊലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളും നിര്‍ണായകമായി


പൂക്കാട്: പൂക്കാട് വീടുകളിലെ മോഷണക്കേസിലെ പ്രതികളിലേക്കെത്തിയത് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ വിവരം ശേഖരിച്ച്. കേസില്‍ തഞ്ചാവൂര്‍ സെങ്കിപ്പെട്ടിയിലെ മുത്തു, തഞ്ചാവൂര്‍ വല്ലം എം.ജി.ആര്‍ നഗറിലെ വിജയന്‍, കൂട്ടാളിയായ മണി എന്നിവരെ പൊലീസ് പിടൂകൂടിയിട്ടുണ്ട്.

തലശ്ശേരിയിലെ മറ്റൊരു കേസില്‍ കഴിഞ്ഞദിവസം ധര്‍മ്മടം പൊലീസാണ് മണിയെ പിടികൂടിയത്. ഇയാളെ പിഷാരികാവിലെത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് പൂക്കാട് നടന്ന മോഷണക്കേസില്‍ സൂചന ലഭിക്കുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് അന്തര്‍സംസ്ഥാന മോഷ്ടാക്കളുടെ വിവരം ശേഖരിക്കുകയായിരുന്നു.

ഫോണ്‍ ലൊക്കേഷന്‍ വഴി മുത്തുവും വിജയനും തേങ്ങിപ്പാലത്തുണ്ടെന്ന് കണ്ടെത്തി. ഇവിടെയുള്ള വാടകവീട്ടില്‍വെച്ചാണ് കൊയിലാണ്ടി പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടില്‍ ഇവര്‍ക്കെതിരെ ഇരുപതിലധികം കേസുകളുണ്ട്. മാസങ്ങള്‍ക്കുമുമ്പ് തിരുവങ്ങൂരിലെ അടച്ചിട്ട വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലും പ്രതികളാണിവര്‍.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൂക്കാട് രണ്ടുവീടുകളില്‍ മോഷണം നടന്നത്. വീര്‍വീട്ടില്‍ ശ്രീധരന്റെ വീട്ടില്‍ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന പ്രതികള്‍ പന്ത്രണ്ട് പവന്റെ ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. സമീപത്തുള്ള കിഴക്കോത്ത് നിതിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചെങ്കിലും വെങ്ങളത്തുവെച്ച് ഇത് തിരിച്ചുകിട്ടി. മറ്റൊരു വീട്ടില്‍ മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിതേഷ്, രാജീവന്‍, അബ്ദുള്ള എന്നിവരും കെ.പി.ഗിരീഷ്, ബിജു വാണിയംകുളം എന്നിവരുമുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.