‘നിന്റെ മകന്റെ വലത് കൈ കൊത്തി എടുക്കും’, എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറിയുടെ മകന്റെ ഭാര്യവീട്ടില്‍ ഭീഷണിക്കത്തും റീത്തും; അന്വേഷണം ആരംഭിച്ച് പോലീസ്
വടകര: എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറി പി.എം രവീന്ദ്രനു നേരെ ഭീഷണിക്കത്തും റീത്തും. ചെക്കോട്ടി ബസാര്‍ കൊളങ്ങരക്കണ്ടിയിലെ മകന്റെ ഭാര്യ വീട്ടിലാണ് റീത്തും ഭീഷണിക്കത്തും കൊണ്ടുവെച്ചത്. യൂനിയന്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചില്ലെങ്കില്‍ മകന്റെ കൈവെട്ടിയെടുക്കുമെന്നാണ് ഭീഷണി.
കത്തില്‍ പറയുന്നത് ഇങ്ങനെയാണ്
എസ്.എന്‍.ഡി.പിയുടെ സെക്രട്ടറി സ്ഥാനത്ത് നില്‍ക്കുന്ന പി.എം.രവി അറിയാന്‍ വേണ്ടി. ഒരു പാട് തവണയായി ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ മുന്നെയും താക്കീത് തന്നിരുന്നു. എന്നിട്ടും നീ സെക്രട്ടറി സ്ഥാനം മാറിയില്ല.
ഇനിയൊരു താക്കീത് ഉണ്ടാവുന്നതല്ല. നിന്റെ മരുമകളും നീയും അറിയാന്‍ വേണ്ടി നിന്റെ മകന്റെ വലതു കൈ കൊത്തിയെടുക്കാന്‍ സമയം വിദൂരമല്ല. അതുകൊണ്ട് നീ സെക്രട്ടറി സ്ഥാനം പിന്മാറിക്കോ . അതാണ് നിനക്കും നിന്റെ കുടുംബത്തിനും നല്ലത്. ഇനിയൊരു പരീക്ഷണത്തിന് നില്‍ക്കേണ്ട.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് റീത്തും ഭീഷണിക്കത്തും കണ്ടത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മകന്റെ ഭാര്യയുടെ അച്ഛന്‍ കൃഷ്ണദാസ് വിവരം വടകര പൊലീസിലും യൂണിയന്‍ നേതൃത്വത്തെയും അറിയിക്കുകയായിരുന്നു.
നേരത്തെയും ഈ വീടിനു നേരെയും പി.എം രവീന്ദ്രന്റെ വീടിനു നേരെയും ആക്രമമുണ്ടാകുകയും കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ യൂണിയന്‍ പ്രസിഡന്റ് എം.എം ദാമോദരനു നേരെ കൈയേറ്റ ശ്രമവും വൈസ് പ്രസിഡന്റ് ഹരിമോഹന്റെ വീടിനു നേരെയും വാഹനത്തിനു നേരെയും അക്രമവും ഉണ്ടായിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു ആക്രമണം. ഇത്തവണയും തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ഭീഷണിക്കത്ത് പതിച്ചിരിക്കുന്നത്.
സംഭവത്തില്‍ എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ പ്രതിഷേധിച്ചു. ഇത്തരം ഭീഷണികളെയൊന്നും ഭയക്കുന്നില്ലെന്നും നേരത്തെ നടന്ന അക്രമങ്ങളിലൊന്നും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് ആക്രമണങ്ങളുടെ തുടര്‍ച്ചയുണ്ടാവുന്നതെന്നും പി.എം രവീന്ദ്രന്‍ പറഞ്ഞു. ഇത്തവണയെങ്കിലും പൊലീസ് വേണ്ട അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വടകരയില്‍ നടക്കുന്ന ഇത്തരം അധിക്രമങ്ങളില്‍ ശാശ്വത പരിഹാരം കാണാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശനും മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം പി.എം രവീന്ദ്രനും മകന്‍ റൂബിയും മകന്റെ ഭാര്യയുടെ അച്ഛന്‍ കൃഷ്ണദാസും നല്‍കിയ പരാതികളില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.