മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവര്‍ധനവും സംസ്‌കാരിക വിദ്യാഭ്യാസ ഉയര്‍ച്ചയും ലക്ഷ്യം; തൊഴിലന്വേഷകര്‍ക്ക് പ്രതീക്ഷയായി കൊയിലാണ്ടി മണ്ഡലത്തിലെ തൊഴില്‍തീരം പദ്ധതി


കൊയിലാണ്ടി: മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ തൊഴില്‍തീരം പദ്ധതിയുടെ മണ്ഡല തല സംഘാടക സമിതി കൊയിലാണ്ടിയില്‍ രൂപീകരിച്ചു. കാനത്തില്‍ ജമീല എംഎല്‍എ ചെയര്‍മാനായും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ വൈസ് ചെയര്‍മാന്‍മാരായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.

കൊയിലാണ്ടി മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവര്‍ധനവും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി പ്രത്യേക നൈപുണ്യവും തൊഴില്‍ പരിശീലനവും ഉറപ്പാക്കും. തുടര്‍ന്ന് ജില്ലാതല തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് തൊഴില്‍ അവസരം ഒരുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കൊയിലാണ്ടി ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ഇ.എം ജില്ലാ പോഗ്രാം മാനേജര്‍ റഫ്സീന എം.പി.പ്രവത്തന കലണ്ടറും പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ശ്രീകുമാര്‍, സതി കിഴക്കയില്‍, ജമീല സമദ്, ജി.ആര്‍.എഫ്.ടി.എച്ച്.എസ് കൊയിലാണ്ടി എച്ച്.എം സുചേത എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കുമാരി ആതിര സ്വാഗതവും അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സരിത നന്ദിയും പറഞ്ഞു.