തൊട്ടില്‍പ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പേരമകളെ പ്രതിയാക്കി കേസ്


തൊട്ടില്‍പ്പാലം: കേണ്ടാത്തറേമ്മല്‍ കദീശ(70)യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരമകളെ പ്രതിയാക്കി പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ചെയ്തു. പേരമകള്‍ അര്‍ഷിനയുടെ പേരിലാണ് തൊട്ടില്‍പ്പാലം പോലീസ് കേസ് രേഖപ്പെടുത്തിയത്.

സംഭവത്തില്‍ നേരത്തേ അസ്വാഭാവികമരണത്തിനായിരുന്നു കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അര്‍ഷിനയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കദീശ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം മാനസികവിഭ്രാന്തി പ്രകടിപ്പിച്ച പേരമകളെ നാട്ടുകാര്‍ രാത്രിതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൂന്നാമത്തെ പ്രസവം കഴിഞ്ഞ് കിടക്കുന്ന അര്‍ഷിന, കൊല്ലപ്പെട്ട വലിയുമ്മയ്ക്കും ഉമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അറസ്റ്റിനുശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.