265മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും പാലം, പതിനെട്ട് മാസം കൊണ്ട് പണിപൂര്‍ത്തിയാവും; ഒരാഴ്ചയ്ക്കുള്ളില്‍ തോരായിക്കടവ് പാലത്തിന്റെ എഗ്രിമെന്റ് വെച്ച് പ്രവൃത്തിയിലേക്ക് കടക്കുമെന്ന് കാനത്തില്‍ ജമീല- പാലത്തിന്റെ മാതൃക കാണാം
കൊയിലാണ്ടി: ഒരാഴ്ചക്കുള്ളില്‍ തോരായിക്കടവ് പാലത്തിന്റെ എഗ്രിമെന്റ് വെച്ച് പ്രവൃത്തിയിലേക്ക് കടക്കുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ. പദ്ധതി നടപ്പിലാക്കലുമായി ബന്ധപ്പെട്ട് രേഖകള്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട പാലത്തിന്റെ മാതൃകയടങ്ങിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
265 മീറ്റര്‍ നീളത്തിലും പതിനൊന്ന് മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം ഒരുങ്ങുന്നത്. പാലത്തിന്റെ നടുവിലായി ജലയാനങ്ങള്‍ക്ക് കടന്നുപോകാന്‍ 55 മീറ്റര്‍ നീളത്തിലും ഏറ്റവും ഉയരമേറിയ ജലവിതാനത്തില്‍ നിന്നും ആറ് മീറ്റര്‍ ഉയരത്തിലുമായി ബോ സ്ട്രിങ് ആര്‍ച്ച് രൂപത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
23.82 കോടി രൂപ മുടക്കി കിഫ്ബിയുടെ ധനസഹായത്തോടെയാണ് പാലം പണിയുന്നത്. കേരള പൊതുമരാമത്ത് വകുപ്പ്, കെ.ആര്‍.എഫ്.ബി-പി.എം.യു എന്നിവ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
അകലാപ്പുഴയ്ക്ക് കുറുകെ അത്തോളി പഞ്ചായത്തിനെയും ചേമഞ്ചേരി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. 18 മാസമാണ് പാലത്തിന്റെ നിര്‍മ്മാണ കാലയളവ്. മഞ്ചേരി ആസ്ഥാനമായുള്ള പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിട്ടുള്ളത്.
വീഡിയോ: