കൊയിലാണ്ടി ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മാറ്റി
കൊയിലാണ്ടി: ഇന്ന് നടക്കേണ്ടിയിരുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മാറ്റി. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധു മരണപ്പെട്ടതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ മാറ്റിവെച്ചത്. ആഗസ്റ്റ് മൂന്നിലേക്കാണ് ചടങ്ങുകള്‍ മാറ്റിയത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായിക്കടവില്‍ പാലം പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
അകലാപ്പുഴയ്ക്ക് കുറുകേ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാല 23.82 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്. 265 മീറ്റര്‍ നീളം11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുക. 18 മാസമാണ് പാലത്തിന്റെ നിര്‍മ്മാണ കാലയളവ്.
ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാല്‍ പാലത്തിന്റെ നടുവിലായി ജലയാനങ്ങള്‍ക്ക് കടന്നുപോകാന്‍ 55 മീറ്റര്‍ നീളത്തിലും ജലവിതാനത്തില്‍ നിന്ന് 6 മീറ്റര്‍ ഉയരത്തിലുമായി ബോ സ്ട്രിങ് ആര്‍ച്ച് രൂപത്തിലാണ് രൂപകല്‍പന. മഞ്ചേരി ആസ്ഥാനമായുള്ള പി എം ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിട്ടുള്ളത്. കേരള പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡ് പി എം യു യൂണിറ്റിനാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല.