തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മൂന്ന് ഇടങ്ങളിലായി യുവാവ് 5 പേരെ വെട്ടിക്കൊന്നു, രണ്ടു പേർക്ക് ഗുരുതര പരിക്ക്


തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടി ക്കൊലപ്പെടുത്തിയത്.

തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മറ്റൊരിടത്ത് പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൽമാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് മൊഴി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും എസ്എന്‍ പുരത്തും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്.

Summary: Thiruvananthapuram Venjaramood massacre; The young man killed 5 people in three places and seriously injured two people