വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി അപകടങ്ങൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നിരക്ഷാ സേന
കൊയിലാണ്ടി: വിഷുവിന്റെ ആഘോഷ ലഹരിയിലാണ് കൊയിലാണ്ടി. കണി കാണുന്നതിനോടൊപ്പം തന്നെ പടക്കം പൊട്ടിക്കുന്നതും വിഷുവിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. പടക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള ചെറിയൊരു അശ്രദ്ധ മതി, അത് അപകടമാവാന്‍. ഇന്ന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഉള്ള്യേരി നാറാത്ത് സുധീഷിന് പരിക്കേറ്റിരുന്നു. വിഷു അപകടരഹിതമാവാന്‍ ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ നൽകിയിരിക്കുകയാണ് കൊയിലാണ്ടി അഗ്നിശമന സേന. വേണം അതീവ ശ്രദ്ധ..
- പടക്കം ചെറുതായാലും വലുതായാലും ശരി, തുറസ്സായ സ്ഥലത്ത് വെച്ചുവേണം പൊട്ടിക്കാൻ. വീടിനകത്തോ വരാന്തയിലോ ഇടുങ്ങിയ വഴികളിലോ വച്ച് പടക്കം പൊട്ടിക്കരുത്.
- അന്തരീക്ഷത്തിൽ കുതിച്ചുപൊങ്ങുന്ന പടക്കങ്ങളെ തീ കൊളുത്തിയ ശേഷം ടിന്നിൽ അടച്ചുവയ്ക്കുകയോ ഒഴിഞ്ഞ പൈപ്പിനുള്ളിൽ വച്ച് കത്തിക്കുകയോ അരുത്.
- പകുതി കത്തിച്ചതും ഉപയോഗിച്ചതിന്റെ ബാക്കിയുള്ളതുമായ പടക്കങ്ങൾ വീണ്ടും ഉപയോഗിക്കരുത്. അവ വെള്ളത്തിൽ മുക്കി നിർവീര്യമാക്കണം.
- നൈലോൺ, ടെർലിൻ വസ്ത്രങ്ങൾ അണിഞ്ഞ് പടക്കം പൊട്ടിക്കുകയോ സമീപത്ത് നോക്കിനിൽക്കുകയോ ചെയ്യരുത്.
- കുട്ടികൾ അധികം ഇടപഴകാത്ത സ്ഥലത്താകണം പടക്കങ്ങളും മറ്റും സൂക്ഷിച്ചുവയ്ക്കേണ്ടത്. മത്താപ്പുകൾ, റോക്കറ്റുകൾ, കമ്പിത്തിരികൾ, ചക്രം എന്നിവ തണുത്തു പോകാത്ത സ്ഥലത്ത് വേണം വെയ്ക്കാൻ, കുട്ടികളുടെ കയ്യെത്താത്ത ദുരത്ത് വെയ്ക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ ഒറ്റയ്ക്ക് അതെടുത്ത് കത്തിക്കുകയോ, മറ്റോ ചെയ്താൽ വൻ ദുരന്തം തന്നെ ഉണ്ടായേക്കാം.
- മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ കുട്ടികൾക്ക് കമ്പിത്തിരികൾ പോലും കത്തിക്കാൻ കൊടുക്കാവൂ.
- നവജാതശിശുക്കളും കൊച്ചുകുട്ടികളുമുള്ള വീട്ടിൽ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കുന്നത് ഒഴിവാക്കണം.
- ഓലപ്പടക്കവും മറ്റും കത്തിക്കുമ്പോൾ കുട്ടികളെ ഒരു നിശ്ചിത ദൂരത്തിൽ മാറ്റി നിർത്തണം. പടക്കം കത്തിച്ച ശേഷം പടക്കത്തിന് തീ പിടിച്ചോ എന്നറിയാൻ കുനിഞ്ഞുനിന്ന് പരിശോധിക്കരുത്.
- പടക്കം പൊട്ടിക്കുന്ന സമയത്ത് സമീപത്ത് ബക്കറ്റിൽ വെള്ളം കരുതിവയ്ക്കുന്നത് നല്ലതാണ്. ആവശ്യം വന്നാൽ നെട്ടോട്ടമോടേണ്ട കാര്യമില്ല.
- പൊള്ളലേറ്റാൽ ഉടൻതന്നെ പൊള്ളലേറ്റ ഭാഗത്ത് വെള്ളം ഒഴിക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യണം.
- കമ്പിത്തിരി കത്തിച്ചുപിടിച്ച് സഹോദരങ്ങളുടെയോ കൂട്ടുകാരുടെയോ തലയ്ക്കുമുകളിലൂടെ വട്ടത്തിൽ കറക്കി തമാശ കാട്ടരുത്. ചിലപ്പോൾ തീപ്പൊരി പാറി വീണ് വസ്ത്രങ്ങൾക്ക് തീ പിടിക്കാം. കത്തിച്ച പൂത്തിരികൾ ഇലക്ട്രിക് കമ്പികൾക്ക് നേരെ എറിയുകയുമരുത്. കത്തിച്ചുകഴിയുമ്പോൾ അവക്ക് മീതെ വെള്ളം തളിക്കാൻ മറക്കരുത്.