ബസുമായി കൂട്ടിയിടിച്ച് റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികനെ കണ്ടഭാവം നടിക്കാതെ അതുവഴി പോയ വാഹനങ്ങള്‍; വെറ്റിലപ്പാറയില്‍ അപകടത്തില്‍ പരിക്കേറ്റ യുവാവിന് തുണയായത് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ്


പൂക്കാട്: വെറ്റിലപ്പാറയില്‍ ബസുമായി കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് തുണയായി തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്. അപകടത്തില്‍ പരിക്കേറ്റ് റോഡരികില്‍ കിടന്ന യുവാവിനെ അതുവഴി വന്ന വാഹനങ്ങള്‍ കണ്ടഭാവം നടിച്ചില്ല. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെത്തിയവര്‍ ഗതാഗത തടസം മറികടക്കാന്‍ വാഹനം തിരിച്ച് മറ്റുവഴികള്‍ അന്വേഷിച്ച് പോകുകയാണുണ്ടായത്. ഈ സമയത്താണ് തിക്കോടി പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം അതുവഴി കടന്നുപോയത്.

കോഴിക്കോട് ഒരു യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകട സ്ഥലത്തുകൂടി കടന്നുപോയതെന്ന് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അതുവഴിയുള്ള വാഹനങ്ങള്‍ മടങ്ങിപ്പോകുന്നത് കണ്ടതുകൊണ്ടാണ് ആ വഴിക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചത്. പരിക്കേറ്റ യുവാവിനെ വാഹനത്തില്‍ കയറ്റുകയും ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

യാത്രയ്ക്കിടെ യുവാവിന്റെ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി സുഹൃത്തിനെ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ആംബുലന്‍സില്‍ യുവാവിനെ കോഴിക്കോടേക്ക് കൊണ്ടുപോയെന്നും ജമീല സമദ് വ്യക്തമാക്കി.

വടകര സ്വദേശിയായ കിരണിനാണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ദേവിക ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.