സ്വാദുള്ള ഉണ്ണിയപ്പം മുതല്‍ നല്ല മെടഞ്ഞുകെട്ടിയ നാടന്‍ ചൂല്‍ വരെ; മോടികൂട്ടാന്‍ ബിരിയാണിയും വിവിധ നാടന്‍ പലഹാരങ്ങളും വിവിധയിനം വിത്തുകളും, തിക്കോടിയില്‍ മിതമായ നിരക്കില്‍ സി.ഡി.എസ് ഒരുക്കിയിട്ടുള്ള ഓണച്ചന്തയ്ക്ക് കര്‍ട്ടനുയര്‍ന്നു
തിക്കോടി: ഉപ്പ്‌തൊട്ട് കര്‍പ്പൂരം വരെ ഒരുക്കിയിട്ടുള്ള തിക്കോടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ ഓണച്ചന്ത ആരംഭിച്ചു. സെപ്തംബര്‍ 11 മുതല്‍ 13 വരെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുക. പൊതുവിപണിയില്‍ നിന്നും വിലകുറച്ച് കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള മായമില്ലാത്ത സാധനങ്ങളാണ് വില്പനയ്ക്കായി എത്തിച്ചിട്ടുള്ളത്. തിക്കോടി ഗ്രമപഞ്ചായത്ത് പരിസരത്താണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്.
തിക്കോടി പഞ്ചായത്തില്‍ നിന്നും അന്‍പതിലധികം കുടുംബശ്രീ അംഗങ്ങള്‍ ഉണ്ടാക്കിയ വിവിധ വിഭവങ്ങളും തുണിത്തരങ്ങളും മറ്റും ഇന്ന് മുതല്‍ വിപണിയ്ക്കായി റെഡിയാണ്. ഓണത്തിന് പൂക്കളൊരുക്കാന്‍ കുടുംബശ്രീ അംഗങ്ങല്‍ തന്നെ നട്ട് വളര്‍ത്തിയ ചെണ്ടുമല്ലിപ്പൂക്കളും അച്ചാര്‍, ചൂല്‍, സോപ്പ്‌പൊടി, പൂള, മുളക് പൊടി, മല്ലിപ്പൊടി, ഉണ്ണിയപ്പം, മീന്‍കറികള്‍ ,പാലട പായസം, ബിരായാണി, ചട്ടികള്‍ , വിത്തുകള്‍, വസത്രങ്ങള്‍, എ.കെ ഫുഡ് ചിപ്‌സ് കുടുംബശ്രീ യൂണിറ്റ് ഉണ്ടാക്കിയ വിവിധയിനം അരി ഉണ്ടകള്‍ തുടങ്ങി മായമില്ലാത്ത നാടന്‍ വിഭവങ്ങളാണ് ഓണചന്തയില്‍ ലഭ്യമാവുക.
പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കറിന് ആദ്യ വില്‍പന നല്‍കി ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കള്‍ക്ക്, സ്‌നേഹിതാ കാളിംഗ് ബെല്‍ ഗുണഭോക്താക്കള്‍ക്ക്, അതിദരിദ്ര വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ക്കായി ഓണക്കോടിയും വിതരണം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍ ഓണക്കോടി വിതരണം ചെയ്തു.
ചടങ്ങില്‍ ബാലസഭ പ്രബന്ധ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഉമ്മു ഹബീബയെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ചെയര്‍ പേഴ്‌സണ്‍ ഷീക്കീല കെ.പി മൊമെന്റോ നല്‍കി ആദരിച്ചു. സംരംഭകര്‍ക്കുളള സി.ഇ.എഫ് ലോണ്‍ ചെക്ക് വിതരണം എന്‍.എം.ടി അബ്ദുള്ളക്കുട്ടിയും, മേലടീ ബ്ലോക്കില്‍ മികച്ച ഹോം ഷോപ്പ് ഓണാറായി തെരഞ്ഞെടുത്ത ശാന്ത പി.ടിയെ വി.കെ അബ്ദുല്‍ മജീദും ആദരിച്ചു. കൂടാതെ അരങ്ങ് 2024 താലൂക്ക് തലമത്സര വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ പുഷ്പ പി.കെ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ ദിബിഷ, ജിഷ കാട്ടില്‍, ബിനു കാരോളി, വിബിത ബൈജു, ഷീബ പുല്പാണ്ടി, സിനിജ മെമ്പര്‍ സെക്രട്ടറി ഇന്ദിര .കെ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജിന നന്ദി രേഖപ്പെടുത്തി.
Summary:Thikodi Panchayat Kudumbashree CDS started Onanchanta.