തിക്കോടിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; നിലവിലെ ഡ്രൈനേജുകള്‍ ബലപ്പെടുത്തി വെള്ളം അതുവഴി ഒഴുക്കിവിടാന്‍ തീരുമാനം


തിക്കോടി: പെരുമാള്‍പുരത്തുള്‍പ്പടെ തിക്കോടി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ അലിയുടെ നേതൃത്വത്തില്‍ അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥരായ സേഫ്റ്റി മാനേജര്‍ ഷിനോജ്, അദാനി ഹൈവേ ഹെഡ് ശിവനാരായണന്‍, അദാനി ലൈസനിങ് എഞ്ചിനിയര്‍ ഉജ്വല്‍ കുമാര്‍, തിക്കോടി വില്ലേജ് ഓഫീസര്‍ അഭിലാഷ് എന്നിവര്‍ തിക്കോടി മുതല്‍ പെരുമാള്‍പുരം വരെയുള്ള നേരത്തെ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന ഡ്രൈനേജുകള്‍ പരിശോധിച്ചു. നിലവിലുള്ള കിഴക്കും പടിഞ്ഞാറും ഭാഗത്തെ ഡ്രൈനേജുകള്‍ ബലപ്പെടുത്തി വെള്ളം ഒഴിക്കിവിടാമെന്നും അതിനുള്ള അടിയന്തര നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും മുന്‍സിപ്പാലിറ്റിയുടെയും സഹായത്തോടെ നടപ്പാക്കാമെന്നും തഹസില്‍ദാറും അദാനി ഗ്രൂപ്പിന്റെ എഞ്ചിനിയര്‍ ഉള്‍പ്പടെയുള്ളവരും അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രനില സത്യന്‍, വിശ്വന്‍.ആര്‍, ഷക്കീല കെ.പി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സന്തോഷ് തിക്കോടി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബിജു കളത്തില്‍ എന്നിവരുമായും ചര്‍ച്ച നടത്തി അടിയന്തര നടപടികള്‍ ഉടനെ ആരംഭിക്കാമെന്നും പറഞ്ഞു. നാളെ മുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കുമെന്നും കൊയിലാണ്ടി തഹസില്‍ദാര്‍ അലി അറിയിച്ചു.