തിക്കോടിയുടെ പലഭാഗങ്ങളില്‍ നിന്നുമായി കുടുംബസമേതം പ്രകടനവുമായെത്തി ജനങ്ങള്‍; അണിനിരന്നത് നാലായിരത്തോളം പേര്‍, അടിപ്പാതയുടെ കാര്യത്തില്‍ അനുകൂല നിലപാടില്ലെങ്കില്‍ ഹൈവേ ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്തുവരുമെന്ന് ജനങ്ങളുടെ മുന്നറിയിപ്പ്


തിക്കോടി: ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി നടന്ന സമരപ്രഖ്യാപനം ജനകീയ ആവശ്യത്തിന്റെ കരുത്തുകാട്ടലായി മാറി. നാലായിരത്തോളം പേരാണ് ഈ ആവശ്യവുമുയര്‍ത്തി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ വേദിയില്‍ അണിനിരന്നത്. തിക്കോടിയുടെ പല ഭാഗങ്ങളില്‍ നിന്നായി കുടുംബസമേതം പ്രകടനവുമായി റെയില്‍വേ സ്റ്റേഷന് സമീപമുള്ള സമരപ്പന്തലിലേക്ക് പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് മൂന്നുമണിയോടെ എത്തുകയായിരുന്നു.

ഇത്രയും ആളുകളുടെ പങ്കാളിത്തത്തില്‍ നിന്നും എത്രത്തോളം ന്യായമാണ് ഈ ആവശ്യം എന്നത് ബോധ്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് കളക്ട്രേറ്റില്‍ ശയപ്രദക്ഷിണം നടത്തുമെന്ന് സമരപ്രഖ്യാപനം നടത്തിയ അടിപ്പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുള്‍ മജീദ് പറഞ്ഞു. അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ ഹൈവേ ഉപരോധവും സംഘടിപ്പിക്കും. തുടര്‍ന്ന് മരണംവരെ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഈ ആവശ്യം അനുവദിച്ചുകിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ എല്ലാവിധ ഇടപെടലും നടത്തുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കാനത്തില്‍ ജമീല എം.എല്‍.എ ഉറപ്പുനല്‍കി.

തിക്കോടിയില്‍ നിലവിലെ അലൈന്‍മെന്റ് പ്രകാരം ദേശീയപാത പ്രവൃത്തി പൂര്‍ത്തിയായാല്‍ പഞ്ചായത്ത് ഓഫീസ്, ബാങ്ക്, ജില്ലാ തലത്തിലുള്ള കൃഷി ഭവന്‍, തിക്കോടി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടുകയെന്നത് റോഡിന്റെ മറുഭാഗത്തുള്ളവരെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. മേഖലയിലെ പ്രധാന സ്‌കൂളുകളായ സി.കെ.ജി സ്‌കൂളുകളിലേക്കും പയ്യോളി ഹൈസ്‌കൂളിലേക്കും തീരദേശമേഖലയില്‍ നിന്നും നിരവധി കുട്ടികള്‍ പോകുന്നുണ്ട്. അടിപ്പാത ഇല്ലാതായാല്‍ ഇവരുടെ യാത്ര ബുദ്ധിമുട്ടിലാകും.

നൂറ്റാണ്ടുകളായി ഉത്സവാഘോഷത്തിന്റെ ഭാഗമായി കൊങ്ങന്നൂര്‍ ക്ഷേത്രത്തില്‍ നിന്നും പാലൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പോകാറുണ്ട്. ഈ ചടങ്ങ് നടത്താന്‍ പറ്റാത്ത അവസ്ഥ വരും. കൂടാതെ പ്രദേശത്തെ പള്ളികളിലും മറുഭാഗത്തുള്ളവര്‍ക്ക് പോകാനാവാത്ത സ്ഥിതിവരും. നിലവില്‍ രണ്ടര കിലോമീറ്റര്‍ അകലെ നന്തിയിലും മറുഭാഗത്ത് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പഞ്ചായത്ത് സ്റ്റോപ്പിലുമാണ് അടിപ്പാതയുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും എന്‍.എച്ച്. അധികൃതര്‍ക്കും പലതവണ നിവേദനം സമര്‍പ്പിക്കുകയും നേരില്‍ കാണാവുന്നവരെ കണ്ട് ആശങ്ക അറിയിക്കുകയും ചെയ്തെങ്കിലും അനുകൂലമായ നടപടിയില്ലാത്തതിനാലാണ് ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയത്.

സെപ്റ്റംബര്‍ 10ന് തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരം ചെയ്തവര്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ സമരപ്പന്തല്‍ പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും യോഗം ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്.

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായിരുന്നു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. തിക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി റംല, തിക്കോടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് തിക്കോടി, എൻ എം ടി അബ്ദുള്ളക്കുട്ടി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ്, കെ.പി.സി.സി സെക്രട്ടറി അഡ്വ.ഐ.മൂസ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.സുധീര്‍, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, സി.പി.ഐ ജില്ലാ എക്‌സി. അംഗം അഡ്വ. സുനിൽ മോഹനൻ, ആർ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി ജെ.എൻ പ്രേം ഭാസിൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ, വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് ശശീന്ദ്രൻ കൊയിലാണ്ടി, എസ്ഡി. പി.ഐ ജില്ലാ പ്രസിഡൻ്റ് മുസ്‌തഫ കൊമ്മേരി, തിക്കോടി നാരായണൻ, ചന്ദ്രശേഖരൻ തിക്കോടി, ഇബ്രാഹിം തിക്കോടി,സാമൂഹ്യ -സാംസ്കാരിക -സന്നദ്ധ സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു.

Summary: Thikkodi people’s protest for underpass