”ഗണേശന്‍ സഹോദരനെ വിളിച്ചിരുന്നെന്ന് പൊലീസ്” വിദേശത്തുനിന്ന് എത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദിലുള്ളതായി സൂചന


പയ്യോളി: വിദേശത്തുനിന്നെത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദില്‍ ഉള്ളതായി സൂചന. കരിയാറ്റി കുനി ഗോവിന്ദന്റെ മകന്‍ ഗണേശനാണ് ഹൈദ്രബാദുള്ളതായി സൂചന ലഭിച്ചത്. ഗണേശന്‍ ഹൈദരാബാദിലെ പുട്ടപര്‍ത്തിയില്‍ നിന്ന് സഹോദരെ ഇന്നലെ വിളിച്ചിരുന്നുവെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പുട്ടപര്‍ത്തിയിലേക്ക് പോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് ഗണേശന്‍ നാട്ടിലേക്ക് വരുന്നത്. ദുബായില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായ ഗണേശന്‍ ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ അടുത്ത ബന്ധു ഏപ്രില്‍ പതിനഞ്ചിന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ കയറ്റി നാട്ടിലേക്കയയ്ക്കുകയായിരുന്നു. പതിനാറിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും പിന്നീട് ഇയാള്‍ വീട്ടിലെത്തിച്ചേര്‍ന്നില്ല.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ മദ്യം വാങ്ങാനായി പോവുന്നതിന്റെയും അവിടെ നിന്ന് ടാക്‌സിയില്‍ കയറുന്നതുമെല്ലാം വ്യക്തമായിരുന്നു. ഗുരുവായൂരിലേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം ഇറങ്ങിയെന്നും എറണാകുളം ബസിലാണ് പോയതെന്നും ടാക്‌സി ഡ്രൈവര്‍ പറഞ്ഞിരുന്നു.

ഗുരുവായൂരില്‍ നേരിട്ട് പോയി അന്വേഷിച്ചെങ്കിലും ഗണേശന്നെ കണ്ടെത്താനായില്ല. എറണാകുളത്ത് ബേക്കറി നടത്തുന്ന സുഹൃത്തിന്റെയടുത്ത് പോകാനുള്ള സാധ്യതകള്‍ പരിഗണിച്ച് അവിടേക്കും വിളിച്ചന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദിലെ പുട്ടപര്‍ത്തിയിലുണ്ടെന്ന് പറഞ്ഞ് ഗണേശന്‍ സഹോദരനെ വിളിക്കുന്നത്. സ്വന്തമായി ഫോണില്ലെന്നും മറ്റൊരാളുടെ ഫോണിലാണ് വിളിച്ചതെന്നും ഗണേശന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.

കരിപ്പൂരില്‍ നിന്ന് ഗണേശന്‍ എങ്ങനെ ഹൈദരാബാദില്‍ എത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ ലഭിക്കാനുണ്ട്. ഗണേശനെ കണ്ടെത്തി തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി ബന്ധുക്കള്‍ പുട്ടപര്‍ത്തിലേക്ക് പോയിട്ടുണ്ട്.