പയ്യോളിക്കാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ; പോലീസ് പെട്രോളിം​ഗ് ഉൾപ്രദേശത്തേക്കും വേണമെന്ന് നാട്ടുകാർ


പയ്യോളി: മോഷ്ടാക്കളുടെ ശല്യത്തെ തുടർന്ന് പ്രതിസന്ധിയിലായി പയ്യോളിയിലെയും സമീപ പ്രദേശത്തെയും നാട്ടുകാർ. രാത്രി കാലങ്ങളിൽ മോഷ്ടാക്കളുടെ സാന്നിധ്യം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. അയനിക്കാട് കുറ്റിയിൽ പീടിക, പാലേരിമുക്ക്, മഠത്തിൽ മുക്ക്, കീഴൂർ മൂലംതോട് തുടങ്ങി സ്ഥലങ്ങളിൽ രണ്ടാഴ്ചയോളമായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. തുറയൂരിലും മോഷണ സംഭവങ്ങളുണ്ട്.

അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപത്തെ വീടുകളിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കറണ്ട് പോയപ്പോൾ വീട്ടുകാർ വരാന്തയിൽ ഇറങ്ങിയ സന്ദർഭത്തിൽ മോഷ്ടാക്കളിൽ ഒരാൾ കല്ലേറ് നടത്തിയതിനെ തുടർന്ന് ഒരു പെൺകുട്ടിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതേസമയം മറ്റൊരാൾ ഓടിപ്പോകുന്നത് കണ്ടതായി വീട്ടുകാർ പറയുന്നു. സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള വെളിച്ചത്തിലാണ് ഇവർ രണ്ടാമതൊരാളെകൂടി കണ്ടത്.

തുറയൂരിൽ ഒരു പള്ളിയിലേയും നിരവധി വീടുകളിലേയും മോട്ടോർ പമ്പ് സെറ്റുകളും മോഷണം പോയിട്ടുണ്ട്. കള്ളന്മാരുടെ ശല്യത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ത്വരിത​ഗതിയിലുള്ള നടപടികൾ പോലീസിന്റെ ഭാ​ഗത്തുനിന്നില്ലായെന്നാണ് ആക്ഷേപം. പോലീസിന്റെ രാത്രികാല പെട്രോളിം​ഗ് ദേശീയപാതയ്ക്ക് പുറമേ ഉൾപ്രദേശത്തേക്ക് കൂടെ വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.