കടുത്ത ചൂടിനൊപ്പം തീപിടിത്തവും വർദ്ധിക്കുന്നു; തീപിടിത്തങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…


കൊയിലാണ്ടി: വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ ജില്ലയിലുൾപ്പെടെ സംസ്ഥാനത്തെ വിവിധ വിവിധ സ്ഥലങ്ങളിൽ തീപിടിത്തങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയോരങ്ങളിലും നാട്ടിലും വാഹനങ്ങൾക്കും തീപിടിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നമ്മുടെ അശ്രദ്ധയാണ് പല ഇടത്തും തീ പിടിത്തത്തിന് കാരണമാകുന്നത്. അതിനാൽ അതീവ ശ്രദ്ധ ആവശ്യമാണ്.

റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം.

തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

🔥 ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക.

🔥 തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകൾ, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്.

🔥വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക..

🔥മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

🔥 പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.

🔥 ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ തീ കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. രാത്രിയിൽ തീയിടാതിരിക്കുക.

🔥 അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്ന്
തീ പടരുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അത്തരം അശ്രദ്ധ ഒഴിവാക്കുക.

🔥 സ്ഥാപനങ്ങൾക്കുചുറ്റും ഫയർലൈൻ ഒരുക്കുകയും സ്ഥാപനങ്ങളിൽ കരുതിയിരിക്കുന്ന അഗ്നിശമന ഉപകരണങ്ങൾ പ്രവർത്ത സജ്ജമെന്ന് ഉറപ്പാക്കുകയും ചെയ്യുക.

🔥 പാചകം കഴിഞ്ഞാലുടൻ സ്റ്റൗവിൻ്റെ ബർണറും പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്ററും ഓഫാക്കുക.

🔥 അഗ്നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.

🔥 വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. വൈദ്യുതോപകരണങ്ങളിൽ തീ പിടിക്കുമ്പോൾ വെള്ളം ഉപയോഗിച്ച് കെടുത്താൻ ശ്രമിക്കരുത്.

🔥 കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദസഞ്ചാരികൾക്കും ഉത്തരവാദിത്തമുണ്ട്.

🔥 അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം കരുതിയിരിക്കുക.

🔥 തീപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ 112 ൽ പോലീസിനെ അറിയിക്കാം. ഫയർഫോഴ്‌സ് നമ്പർ – 101

Also Read-

നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്