കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണം; സുപ്രീം കോടതി നിര്‍ദേശം


കോഴിക്കോട്: കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതി. കേസില്‍ സഞ്ജീവ് ഖന്ന, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ച് സെപ്റ്റംബര്‍ 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി.

കേരളത്തില്‍ തെരുവുനായയുടെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിന് മുമ്ബായി ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും തെരുവുനായ്ക്കളെ പരിപാലിക്കണമെന്ന് ആവശ്യമുള്ളവര്‍ക്ക് അതു ചെയ്യാമെന്നും, എന്നാല്‍ വാക്സിന്‍ നല്‍കുന്നതും ആക്രമണത്തിന് ഇരയാകുന്നവരുടെ ചികിത്സയുമടക്കം പൂര്‍ണ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യം പൊതു അടിയന്തരാവസ്ഥക്ക് സമാനമാണെന്നും അതിനാല്‍ സുപ്രീംകോടതി ഉടന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പേവിഷ ബാധ സ്ഥിതീകരിച്ചതും അക്രമകാരികളായ തെരുവുനായ്ക്കളെ ചട്ടങ്ങള്‍ പാലിച്ച് കൊന്നുകൂടെയെന്നും കോടതി ചോദിച്ചു.

summary: There should be an immediate solution to the problem of street people in Kerala; Supreme Court directive