റോഡിന് മറുവശത്തെത്താന്‍ അടിപ്പാതയില്ല; വീതികുറഞ്ഞ സര്‍വ്വീസ് റോഡരികിലൂടെയും ചാക്കുകെട്ടുകള്‍ക്ക് മുകളില്‍ കയറിയും തിക്കോടിക്കാരുടെ ദുരിതയാത്ര- വീഡിയോ


Advertisement

തിക്കോടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികാരണം യാത്രാ ദുരിതം പേറി തിക്കോടി നിവാസികള്‍. റോഡിന് അപ്പുറത്തുനിന്നും മറുവശത്തേക്ക് കടക്കാന്‍ ഇവിടത്തുകാര്‍ ഏറെ പ്രയാസപ്പെടുകയാണ്. നിലവില്‍ റോഡിന് കിഴക്ക് ഭാഗത്തെ സര്‍വ്വീസ് റോഡിലൂടെയാണ് കൊയിലാണ്ടി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളടക്കം കടന്നുപോകുന്നത്. ഈ ഭാഗത്തുള്ളവര്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോയി തിരികെ എതിര്‍വശത്തുള്ള സര്‍വ്വീസ് റോഡില്‍ ബസ് ഇറങ്ങിയാല്‍ മറുവശത്തേക്ക് പോകാന്‍ വീതികുറഞ്ഞ സര്‍വ്വീസ് റോഡരികിലൂടെയും ചാക്കുകെട്ടുകള്‍ക്ക് മുകളിലൂടെയും സാഹസിക യാത്ര നടത്തുന്ന സ്ഥിതിയാണ് ഇവിടെ കാണുന്നത്.

Advertisement

പയ്യോളി സ്‌കൂളിലേക്കും കൊയിലാണ്ടി സ്‌കൂളിലേക്കുമൊക്കെ പോകുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഈ രീതിയിലാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. പടിഞ്ഞാറ് ഭാഗത്ത് ബസിറങ്ങിയാല്‍ കിഴക്ക് ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് സര്‍വ്വീസ് റോഡരികിലൂടെ വാഹനങ്ങളെ പേടിച്ച് മുന്നോട്ട് നടന്ന് ദേശീയപാതയിലേക്ക് കയറാന്‍ ചാക്കുകെട്ടുകള്‍ക്ക് മുകളിലൂടെ കയറണം. പ്രായമായവരാണ് ഏറെ പ്രയാസപ്പെടുന്നത്. ഇതിന് മുകളില്‍ നിന്നും വീണ് സര്‍വ്വീസ് റോഡിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍പ്പെട്ടാല്‍ വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.

Advertisement

ഇവിടെ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ഇതിനെതിരെ വലിയ തോതിലുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ഇതിനകം ഉയര്‍ന്നുവന്നിരുന്നു. നിലവില്‍ മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം നല്‍കുകയും അവര്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയുമാണ് നാട്ടുകാര്‍. അടിപ്പാത എന്ന ആവശ്യം ഉന്നയിച്ച് മരണംവരെ നിരാഹാര സമരം ചെയ്യാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ആലോചനയോഗം ഇന്ന് വൈകുന്നേരം നടക്കും. ഇവിടെ അടിപ്പാത എത്രത്തോളം ആവശ്യമാണ് എന്ന് വ്യക്തമാക്കുന്നത് നിര്‍മ്മാണ പ്രവൃത്തികള്‍ പാതിവഴിയില്‍ എത്തിനില്‍ക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ അനുഭവിക്കുന്ന യാത്രാദുരിതം.

Advertisement

Summary: There is no underpass to reach the other side of the road; Misery of Thikkodis on narrow service roads