പൂട്ട് തകർത്ത് അകത്തുകയറി, ഫറോക്കിൽ രണ്ട് വീടുകളിൽ നിന്നായി കവർന്നത് 23 പവൻ സ്വർണ്ണവും പണവും
ഫറോക്ക്: ഫറോക്കിലെ രണ്ട് വീടുകളിൽ നിന്നായി 23 പവൻ സ്വർണ്ണവും പണവും മോഷണം പോയി. കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. പുറ്റെക്കാട് കുന്നത്തുപറമ്പ് ആക്കപ്പിലാക്കൽ മണക്കടവൻ അബ്ദുൾ ലത്തീഫ്, ഞാവേലിപ്പറമ്പിൽ സാറാബി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഇരുവീടുകളുടെയും മുകൾനിലയിലെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തുകയറിയത്.
പതിനാലര പവന്റെ ആഭരണങ്ങളാണ് അബ്ദുൾ ലത്തീഫിന്റെ വീട്ടിൽനിന്ന് മോഷ്ടിച്ചത്. ഭാര്യയുടെ ഓരോ പവൻ വീതമുള്ള അഞ്ച് വള, നാല് പവന്റെ പാദസരം, രണ്ടു പവന്റെ നെക്ലേസ്, മഹർമാല, മോതിരങ്ങൾ, ബ്രേസ്‌ലറ്റ് എന്നിവയാണ് ഇവരുടെ കിടപ്പുമുറിയിലെ അലമാരയിൽനിന്ന് മോഷ്ടിച്ചത്. അടുത്തമാസം ഉംറയ്ക്കു പോകുന്നതിന് മുന്നോടിയായി ആഭരണങ്ങളെല്ലാം അഴിച്ചുവച്ചതായിരുന്നു.
അടുത്തവീട്ടിലെ മോഷണവിവരം അറിഞ്ഞാണ് സാബിറ സ്വന്തം വീട്ടിൽ പരിശോധന നടത്തിയത്. അപ്പോഴാണ് തന്റെ വീട്ടിലും കള്ളൻ കയറിയിരുന്നതായി ബോധ്യപ്പെട്ടത്. സാറാബിയുടെ വീടിന്റെ രണ്ട് കിടപ്പുമുറിയിലെയും അലമാരയിൽനിന്നാണ് മൂന്നുപവൻ മണിമാല, രണ്ടുപവൻ കടകവള, ഒന്നര പവൻ വള, ഏതാനും മോതിരങ്ങൾ, 45,000 രൂപ എന്നിവ കവർന്നത്. പുറ്റെക്കാട് “സഹൃദയ’ കുടുംബശ്രീ സെക്രട്ടറികൂടിയായ സാറാബിയെ ചുറ്റുവട്ടത്തെ കുടുംബശ്രീ അംഗങ്ങൾ ഏൽപ്പിച്ച പണമാണ് മോഷണം പോയത്. നഷ്ടപ്പെട്ടതിൽ ആറേമുക്കാൽ പവനും സാറാബിയുടെ സഹോദരിയുടെ മകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ്.
മോഷണം നടത്തിയ വീടുകളിൽ മുളകുപൊടി വിതറിയതിനാൽ പൊലീസ് നായക്ക് ഉള്ളിലേക്ക് കയറാനായിട്ടില്ല. ശനി രാത്രി 10.30നും ഞായർ പുലർച്ചെ 4.30നും ഇടയിലാണ് മോഷണമെന്ന് നടന്നതെന്നാണ് കരുതുന്നത്. അസിസ്റ്റന്റ് കമീഷണർ എ എം സിദ്ദീഖ്, ഇൻസ്പെക്ടർ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട്ടുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവ് ശേഖരിച്ചു.
Summary: 23 pavan gold and cash stolen from two houses in Farook by breaking the lock