മൂരാട് ഓയില്‍ മില്ലിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ മോഷണം


പയ്യോളി: മൂരാട് ഓയില്‍ മില്ലിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ മോഷണം. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മനയില്‍ സുരേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.

രാവിലെ ആറ് മണിയോടെ അയല്‍വാസിയായ സ്ത്രീ ലൈറ്റ് ഓഫ് ചെയ്യാനായി എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. വാതില്‍ തുറന്ന് കിടന്നത് കണ്ട ഉടന്‍ അവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

മുന്‍വാതില്‍ കുത്തിത്തുറന്നാണ് കള്ളന്മാര്‍ അകത്തെത്തിയത്. എല്ലാ മുറികളിലുമെത്തി മുഴുവന്‍ അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചുവാരി പുറത്തിട്ടുണ്ട്. അടുക്കളയിലെ ഉള്‍പ്പെടെ അലമാരയും തുറന്നിട്ടുണ്ട്.

വീട്ടുടമ സ്ഥലത്തില്ലാത്തതിനാല്‍ നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വീട്ടുടമ സുരേന്ദ്രന്റെ ഭാര്യയുടെ കണ്ണ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ബെംഗളൂരുവിലെ മകന്റെയടുത്താണ് ഉള്ളത്. ഈ വിവരം അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് അനുമാനം.