*തോടന്നൂരിൽ പാനിപൂരി വില്‍പ്പന നടത്തിയിരുന്നത് 250ഓളം കേസുകളിലെ പ്രതി, പൊലീസിനെ കണ്ട പ്രതി കനത്ത മഴയിലും മലമുകളില്‍ ഒളിച്ചു; യുവാവ് പിടിയിൽ



തോടന്നൂര്‍:
മോഷണക്കേസില്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ മോഷണക്കേസ് പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ ഹസനെ (23) ഹരിയാന പൊലീസ് കണ്ടെത്തിയത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഹരിയാന പൊലീസ് വടകര പൊലീസിന്റെ സഹായത്തോടെ മന്തരത്തൂരിലെ പനയുമ്മലിലെ താമസസ്ഥലത്തുവെച്ച് ഇയാളെ അറസ്റ്റു ചെയ്തത്.

മഴയെ അവഗണിച്ച് മലയില്‍ ഒളിച്ചുകഴിഞ്ഞ പ്രതി പൊലീസ് പോയെന്ന് കരുതിയാണ് രാത്രി താമസസ്ഥലത്ത് എത്തിയത്. തോടന്നൂരില്‍ പാനിപൂരി വില്‍പ്പന നടത്തിയിരുന്ന നൂര്‍ നിര്‍മ്മാണ തൊഴില്‍ ചെയ്തുവരികയായിരുന്നു. നിരവധി മോഷണക്കേസുകളാണ് ഇയാളുടെ പേരില്‍ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കുറച്ചുകാലമായി പനയുമ്മലിലെ കെട്ടിടത്തില്‍ ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം താമസിക്കുകയായിരുന്നു. കുടുംബത്തെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.

250 ഓളം കേസുകളില്‍ പ്രതിയാണ് നൂര്‍ ഹസന്‍. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ സ്വദേശിയാണ് ഇയാള്‍. ഹരിയാനയിലെ കര്‍ണാലിലായിരുന്നു ഇയാള്‍ മോഷണം നടത്തിയിരുന്നത്. ട്രാന്‍സ്‌ഫോമറിലെ ചെമ്പുകമ്പികളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. കര്‍ണാലില്‍ മാത്രം 200 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

നൂര്‍ കേരളത്തിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹരിയാന പൊലീസ് ഇവിടെയെത്തിയത്. കേസില്‍ നൂറിന്റെ കൂട്ടുപ്രതികളായ നാലുപേരെ ഹരിയാന പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

Summary: theft case culprit caught at vatakara.