മമ്മൂട്ടിയുടെ വാത്സല്യവും സുരാജ് വെഞ്ഞാറമൂടിന്റെ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും രണ്ടു കാല ഘട്ടങ്ങളിലെ മലയാള സിനിമയുടെ കാഴ്ചപ്പാടിനെ വരച്ചു കാട്ടുന്നു; മലയാള സിനിമയിൽ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ; കടുവ തിരിച്ചറിവിന്റെ തുടക്കമോ; ഫൈസൽ പെരുവട്ടൂർ എഴുതുന്നു


ഫൈസൽ പെരുവട്ടൂർ

പൃഥ്വിരാജ് നായകനായ ഷാജീ കൈലാസ് ചിത്രം കടുവയിലെ ഭിന്നശേഷി വിരുദ്ധ ഡയലോഗ് ശക്തമായ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നെല്ലോ. ഭിന്ന ശേഷി കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അർത്ഥത്തിലുള്ള സംഭാഷണമാണ് വിവാദത്തിനു തിരി കൊളുത്തിയത്. ഇതിനെ തുടർന്ന് പ്രസ്തുത സംഭാഷണം സിനിമയിൽ നിന്നും നീക്കം ചെയ്ത് പൃഥ്വിയും ഷാജി കൈലാസ് ഉൾപ്പെടെയുള്ളവർ ചേർന്ന് പത്ര സമ്മേളനം നടത്തിയതോടെ വിവാദങ്ങൾ ഒരു പരിധി വരെ കെട്ടടങ്ങി. എന്നാൽ കടുവ മലയാള സിനിമയിൽ പുതിയൊരു ചർച്ചയ്ക്ക് വഴി മരുന്നിട്ടിരിയ്ക്കുകയാണ്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മലയാളി പുരോഗമന ചിന്തയുടെ പുതിയ വാതായങ്ങങ്ങൾ തീർക്കുമ്പോഴും മലയാള സിനിമയിലെ ഷാജി കൈലാസ് അടക്കമുള്ളവരുടെ സിനിമകളിൽ ഇന്നും ന്യൂന പക്ഷ ദളിത് വിരുദ്ധത മുഴച്ചു നിൽക്കുന്നത് കാണാം.

നായകന് മേൽ ജാതി പരിവേഷം നൽകി പതിവ് നായിക കഥാപാത്രങ്ങളുടെ മേൽക്കോയ്മയും ആദിപത്യവും സ്ഥാപിച്ചു കൊടുക്കുന്ന പതിവ് ശൈലിക്ക് 2022ലും കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടില്ല. ലോക സിനിമ ഭൂപടത്തിൽ മലയാള സിനിമ എവിടെ നിൽക്കുന്നു എന്നതിന് ഇത് വലിയൊരു ഉദാഹരണമാണ്.

മമ്മൂട്ടി നായകനായ വാത്സല്യവും സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും രണ്ടു കാല ഘട്ടങ്ങളിലെ മലയാള സിനിമയുടെ കാഴ്ചപ്പാടിനെ വരച്ചു കാട്ടുന്നതാണ്.

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിച്ച നടി പാർവതി തിരുവോത്തിനെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടതോർമ്മയില്ലേ? ആ ആരാധക വൃന്ദവും ഒരു പരിധി വരെ ഇത്തരം നിലപാടുകൾക്ക് കുടപിടിക്കുന്നുണ്ട്.

ഒരു പക്ഷെ തൊണ്ണൂറുകളുടെ മുൻപ് ശേഷം എന്ന് രണ്ടു ഘട്ടമായി മലയാള സിനിമയിൽ തരം തിരിച്ചാൽ മലയാളി അതുല്യരെന്നു പട്ടം ചാർത്തിയ പത്മരാജൻ അടക്കമുള്ള പ്രമുഖരുടെ മിക്ക സിനിമകളും വെട്ടിതിരുത്തലുകൾക്ക് വിധേയമാക്കേണ്ടി വരും.

സോഷ്യൽ മീഡിയ അത്ര കണ്ടു സജീവമായ വർത്തമാന കാല സമൂഹത്തിൽ ഇംഗ്ലീഷ് കൊറിയൻ സിനിമകൾ അപ്പാടെ കോപ്പിയടിച്ചു തങ്ങളുടെ സൃഷ്ടിയാണെന്ന് പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ വേണ്ടി അമാനുഷികനായ ആഡ്യൻ നായകനെ സഷ്ടിക്കുന്ന സംവിധായകരും എഴുത്തുകാരും മലയാളി പ്രതീക്ഷിക്കുന്നതെന്തോ തങ്ങൾ ചെയ്ത് കൊടുത്തു എന്ന് ഇപ്പോഴും കോൾമയിർ കൊള്ളുന്ന സാഹചര്യത്തിലാണ് ജീവിത യാഥാർഥ്യങ്ങൾ സിനിമയായി രംഗത്തിറങ്ങി തുടങ്ങുന്നത്.

എന്നാൽ പച്ചയായ ജീവിത യഥാർഥ്യങ്ങളെ ഫ്രെയിമിൽ പകർത്താൻ ബിഗ് ബഡ്ജറ്റും സ്റ്റാർ വാല്യൂ ഉള്ള നായകനിരകളും ഒന്നും തന്നെ അവശ്യമില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് അയ്യപ്പനും കോശിയും, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, ബിരിയാണി തുടങ്ങിയ സിനിമകൾ നേടിയ പ്രേക്ഷക ശ്രദ്ധ എന്നത് ഇനിയെങ്കിലും തിരിച്ചറിയേണ്ട വസ്തുതയാണ്.

summary: faisal peruvattor writes about the changes in malayalam cinema in the context of prithviraj – shajikailas movie kaduva.