എം.ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; പാചകക്കാരിയും ബന്ധുവും അറസ്റ്റിൽ, പ്രതികള്‍ മോഷ്ടിച്ചത് വജ്ര-മരതക ആഭരണങ്ങള്‍ ഉള്‍പ്പെടെ 26 പവന്‍


കോഴിക്കോട്: കൊട്ടാരം റോഡിലെ എം.ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച പ്രതികളെ പിടികൂടി. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ടി.കെ അഷ്റഫ്ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്. വീടിന്റെ ലോക്ക് പൊട്ടിക്കുകയോ ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലും അലമാര താക്കോൽ ഉപയോഗിച്ച് തുറന്നത് കൊണ്ടും മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ പലപ്പോഴായി സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടെങ്കിലും വീട്ടുകാർ ഗൗനിച്ചിരുന്നില്ല. കഴിഞ്ഞ മാസം മുപ്പതിന് എം.ടിയുടെ മകൾ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങൾ മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്. സബ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ മൊഴിരേഖപ്പെടുത്തവേ എം.ടി.യുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെപറ്റി രഹസ്യാന്വേഷണം നടത്തിയപ്പോഴാണ് കഴിഞ്ഞ ഒരുവർഷത്തിനിടെ പലപ്പോഴായി പ്രതികൾ എം ടിയുടെ വീട്ടിൽ നടത്തിയ മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്.

ശാന്തയുടെ അകന്ന ബന്ധുവായ പ്രകാശിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തുകയും തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ പ്രകാശും ശാന്തയും കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ പലതവണകളായി മോഷ്ടിച്ച സ്വർണം വിറ്റ വിവരം പോലീസിനോട് സമ്മതിച്ചു. തുടർന്ന് രാവിലെ വീട്ടിൽ നിന്നും ശാന്തയെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുകയായിരുന്നു. കമ്മത്തി ലെയ്നിലെ മൂന്ന് കടകളിൽ മോഷണം സ്വർണം വിൽപന നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കമ്മത്തിലെയ്നിലെത്തി തെളിവെടുപ്പ് നടത്തി.

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് എം.ടി.യുടെ വീട്ടിൽ നിന്നും മോഷണം പോയത്. എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പോലീസാണ് കേസെടുത്തത്.

Description: Theft at the house of MT Vasudevan Nair; The accused were arrested