ഓമശ്ശേരി പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി ‘ആട് തോമ’ സ്‌റ്റൈലില്‍ ഉടുമുണ്ടൂരി കീഴ്‌പ്പെടുത്തി കവര്‍ച്ച; പതിനായിരം രൂപ നഷ്ടമായി


ഓമശ്ശേരി: പെട്രോള്‍ പമ്പില്‍ കണ്ണില്‍ മുളക് പൊടി വിതറിയശേഷം മുണ്ട് കൊണ്ട് മുഖംകെട്ടി ജീവനക്കാരനെ കീഴ്‌പ്പെടുത്തി കവര്‍ച്ച. പതിനായിരത്തോളം രൂപ നഷ്ടമായതായി പരാതി.

മൂന്ന് യുവാക്കളടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരാള്‍ ജീവനക്കാരനു മുമ്പില്‍ നിന്ന് മുളക് പൊടി വിതറുകയും ജീവനക്കാരന് പിന്നില്‍ മറഞ്ഞുനിന്ന രണ്ടുപേര്‍ മുണ്ട് ജീവനക്കാരന്റെ മുഖത്തേക്കിട്ട് കീഴ്‌പ്പെടുത്തി പണം കവരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.