പുതുവര്‍ഷദിനത്തില്‍ റോഡില്‍ നിന്നും കളഞ്ഞ്കിട്ടിയത് 500 ന്റെ നാല് നോട്ട്‌കെട്ടുകള്‍; ഉടമയെ തിരഞ്ഞുപിടിച്ച് പണം ഭദ്രമായി തിരികെ ഏല്‍പ്പിച്ച് കൈയ്യടി നേടി മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍


മേപ്പയ്യൂര്‍: പുതുവര്‍ഷത്തില്‍ കളഞ്ഞുപോയ പണം ഭദ്രമായി ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ച് മാതൃകയായി മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍. ജനുവരി 1 നാണ് സംഭവം. രാത്രി 10.30 തോടെ കുരുടിമുക്ക് നടുവണ്ണൂരിലേയ്ക്ക് പോകുന്ന റോഡിലൂടെ ബൈക്കില്‍ പോവുകയായിരുന്നു മേപ്പയ്യൂര്‍ നിടുംപൊയില്‍ സ്വദേശിയായ റാഫിയും സുഹൃത്തുക്കളും. എതിരെ പോവുകയായിരുന്ന കാറില്‍ നിന്നും എന്തോ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട് റാഫിയും സംഘവും വണ്ടി നിര്‍ത്തി.

സമീപത്തെത്തിയപ്പോള്‍ ഒരു കെട്ടില്‍ 500 ന്റെ നാല് നോട്ട് കെട്ടുകളായിരുന്നു. ഉടനെ തന്നെ ബൈക്കുമെടുത്ത് ആ വാഹനത്തിന്റെ പിറകെ പോയി കാര്‍ ഉടമസ്ഥരെ പണം ഏല്‍പ്പിച്ചു.175000 രൂപയാണ് കെട്ടില്‍ ഉണ്ടായിരുന്നത്. അപ്പോഴാണ് കാറിലുണ്ടായിരുന്നത് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നപ്പോള്‍ തന്നെ സഹായിച്ച വ്യക്തിയാണെന്ന് റാഫിയ്ക്ക് മനസ്സിലായത്.


നാല് മാസം മുന്‍പ് സംഭവിച്ച അപകടത്തില്‍ റാഫിയ്ക്ക് തോളെല്ലിനും വാരിയെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. എട്ട് ലക്ഷത്തോളം ചികിത്സാച്ചെലവിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ സഹായകമ്മിറ്റിയുടെ കണ്‍വീനറായ തറവട്ടത്ത് ഇമ്പിച്യാലിയുടെ പണമായിരുന്നു നഷ്ടപ്പെട്ടത്. പിരിവെടുത്ത സംഖ്യയില്‍ ബാക്കി വന്ന 2 ലക്ഷം രൂപ റാഫി അരിക്കുളത്തെ തണല്‍ ഡയാലസിസ് സെന്ററിന് കൈമാറി മാതൃക കാട്ടിയിരുന്നു.

സംഖ്യ കളഞ്ഞു കിട്ടിയ റാഫിയുടേയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വൈശാഖ് ഗായത്രിമുക്ക്, ജാഫര്‍ കൈത വയല്‍ എന്നിവരുടേയും സത്യസന്ധത മനസ്സിലാക്കി മേപ്പയൂര്‍ സ്റ്റേഷന്‍ എസ്.ഐ വിനീത് വിജയനും, എ.എസ്.ഐ റസാഖും സംഘവും സ്റ്റേഷനില്‍ വിളിച്ച് അഭിനന്ദിച്ചു. മൂന്നുപേര്‍ക്കും ഇമ്പിച്യാലി സമ്മാനങ്ങള്‍ കൈമാറിയാണ് യാത്രപറഞ്ഞത്.