മൂടാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം; ജനവാസ കേന്ദ്രങ്ങളിലെ മാലിന്യം കൂമ്പാരങ്ങള്‍ തെരുവ് നായകള്‍ക്ക് താവളമാകുകയാണെന്ന് യൂത്ത് ലീഗ്


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായതിന് പ്രധാന കാരണങ്ങളിലൊന്ന് മാലിന്യങ്ങള്‍ കാര്യക്ഷമമായി നിര്‍മാര്‍ജ്ജനം ചെയ്യാത്തതാണെന്ന് മൂടാടി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. പഞ്ചായത്തിന്റെ പ്രധാന ടൗണായ നന്തിയിലും പരിസരപ്രദേശങ്ങളിലും ജനങ്ങള്‍ക്ക് നടന്നുപോവാന്‍ പറ്റാത്ത അവസ്ഥയിലാണ് തെരുവ് നായകളുടെ വിളയാട്ടമെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

ജനവാസകേന്ദ്രങ്ങളിലെല്ലാം പഞ്ചായത്ത് മാലിന്യം നിക്ഷേപിച്ച് തെരുവ് നായകള്‍ക്ക് താവളം ഒരുക്കുകയാണ്. മൂടാടി പഞ്ചായത്തിലെ പ്രധാന ടൗണുകളായ മൂടാടി, നന്തി, വീരവഞ്ചേരി, ചിങ്ങപുരം ഭാഗങ്ങളെല്ലാം മാലിന്യങ്ങള്‍ കൊണ്ട് വൃത്തിഹീനമായിരിക്കുകയാണ്. ഇതുമൂലം തെരുവുനായകളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്.

മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്ത് ഭരണ സിമിതി അടിയന്തര ഇടപെടല്‍ നടത്തി പരിഹാരം ഉണ്ടാക്കണം. പഞ്ചായത്ത് ഭരണ സിമിതിയുടെ കൊള്ളരുതായ്മയും ദുര്‍ഭരണവും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മൂടാടി പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജനറല്‍ സെക്രട്ടറി സാലിം മുചുകുന്നും പ്രസ്താവനയില്‍ പറഞ്ഞു.