പള്ളിയിൽ നിസ്ക്കരിക്കാനെത്തിയ ബാലുശേരി കിനാലൂർ സ്വദേശിയുടെ ലാപ്ടോപ്പും ടാബും മോഷ്ടിച്ചു; ടാബ് വിറ്റ് മൊബെെൽ വാങ്ങി, യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: കിനാലൂർ സ്വദേശിയായ യുവാവിന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ കാരന്തൂർ സ്വദേശി ജാവേദ്ഖാനെ (20) പോലീസ് പിടികൂടി. രണ്ടുദിവസംമുൻപ് പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരിക്കാനെത്തിയപ്പോഴാണ് ബാഗ് മോഷണം പോയത്. സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെയും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലാണ് പിടികൂടിയത്.
കിനാലൂർ സ്വദേശിയുടെ ടാബും, ലാപ്‌ടോപ്പും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് മോഷണം നടന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെയാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ടാബ് പ്രതി പന്ത്രണ്ടായിരം രൂപയ്ക്ക് വിൽപ്പന നടത്തിയശേഷം മൊബൈൽ ഫോണും വാച്ചും കൂളിങ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു. ലാപ്ടോപ്പ് വിൽപ്പന നടത്താൻ സാധിക്കാത്തതിനാൽ താമസിക്കുന്ന ചേവായൂർ ത്വഗ്രോഗാശുപത്രിക്ക് സമീപത്തുള്ള ഉദയം ഹോമിന്റെ കോമ്പൗണ്ടിൽ കുറ്റിക്കാട്ടിലൊളിപ്പിച്ചത് പോലീസ് കണ്ടെടുത്തു.
മാതാപിതാക്കൾ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്. പണക്കാരെപ്പോലെ ജീവിക്കണമെന്ന ആഗ്രഹത്തിൽനിന്നാണ് കളവിലേക്ക് തിരിയുന്നത്. ഇതിനുമുൻപും ഒട്ടേറെ കളവുകൾ ചെയ്തിട്ടുണ്ടങ്കിലും ആളുകൾ പിടികൂടുകയും എല്ലാം ഒത്തു തീർപ്പാക്കുകയുമായിരുന്നു. പ്രതിയുടെ പേരിൽ ഒരു പോക്സോ കേസും നിലവിലുണ്ട്.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എസ്.ഐ. ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, രാകേഷ് ചൈതന്യം, എ.കെ. അർജുൻ, മെഡിക്കൽ കോളേജ് പോലീസ് എസ്.ഐ.മാരായ ഹരികൃഷ്ണൻ, ശ്രീജയൻ, സി.പി.ഒ. ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Summary: The young man was arrested for stealing the laptop and tab of Kinaloor native