കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നു ദേഹത്ത് വീണു; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം


കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവ് മരിച്ചു. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം.

റൂമിന് മുകളിലെ കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിച്ചായിരുന്നു അപകടം സംഭവിച്ചത്. താഴെ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ ശരീരത്തിലാണ് ഇത് വന്ന് പതിച്ചത്. ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്.

എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. വൈകീട്ടോടെ വേദന കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.