കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരം, ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം; ഇരിങ്ങലിലെ കെപിഒഎ വേദിയില്‍ മുഖ്യമന്ത്രി
വടകര: കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി. മൂന്ന് ദിവസങ്ങളിലായി ഇരിങ്ങല്‍ സര്‍ഗാലയില്‍ നടന്നുവരുന്ന കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34-)ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കേസുകള്‍ അതിവിദഗ്ദമായി തെളിയിക്കാനും വിദേശങ്ങളില്‍ പോയടക്കം തെളിവെടുക്കാനും കഴിയുന്ന രീതിയിലേക്ക് കേരള പോലീസ് ഉയര്‍ന്നിരിക്കുന്നു. സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊല്ലം നല്ല ഫലം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിലൂടെ സർക്കാരിന്റെ പ്രവർത്തനത്തെ ജനങ്ങൾ വിലയിരുത്തുന്നു. ചേരാത്തവരുമായുള്ള ചങ്ങാത്തം സേന അംഗങ്ങൾ ഒഴിവാക്കണം. ചില ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണത പൊലീസ് സേന കുറ്റപ്പെടുത്തലിന്റെ ഭാഗമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പോലീസ് നല്ല രീതിയില്‍ മാറി എന്നത് വസ്തുതതയാണ്. എന്നാല്‍ ജനകീയ സേന എന്ന നിലയ്ക്ക് നല്ല മാറ്റം പൊതുവെ ഉണ്ടായെങ്കിലും ചിലര്‍ ഇപ്പോഴും ആ മാറ്റത്തിലേക്ക് എത്തിയിട്ടില്ലെന്നും ആദ്ദേഹം പറഞ്ഞു. അത്തരം ആളുകളെ ശരിയായ മാര്‍ഗത്തിലേക്ക് തിരിച്ചു വിടുന്നതിനുള്ള ശ്രമം പോലീസ് സേനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. പോലീസ് മാറ്റത്തിന്റെ പാതയിലാണ്. എന്നാല്‍ ചിലർ ആ മാറ്റം ഉൾകൊളളുന്നില്ല. 108 ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ വർഷം പുറത്താക്കിയത്. സർക്കാർ അഗ്രഹിക്കുന്നത് മികച്ച തൊഴിൽ അന്തരീക്ഷമാണ്. പൗരന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അത് ഉറപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തില്‍ പോലീസ് സേനയുടെ മികവ് മറ്റ് സേനകളെല്ലാം അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിൽ ഒരു പൊലീസാണ് പുഴയിൽ വടം കെട്ടി അപ്പുറത്തെത്തിയത്. ജീവൻ തൃണവൽഗണിച്ച് ഏത് റാങ്ക് എന്ന് നോക്കിയല്ല സേന ദുരന്ത മുഖത്ത് ചെയ്തത്. എല്ലാ സേനയും നല്ല മികവ് കാണിച്ചു. ആരുടെയു പിറകിലല്ലാത്ത കഴിവ് പൊലീസ് കാണിച്ചു. ചില കാര്യങ്ങൾ മുന്നിൽ നിന്ന് കാണിച്ചു. രാജ്യം അഭിമാനത്തോടെ പൊലീസ് സേനയെ നോക്കിക്കണ്ടു. ഇങ്ങനെയും ഒരു പൊലീസ് സേനയോ എന്ന് ജനങ്ങൾ ചോദിച്ചു. ഏതൊരു ദുരന്ത മുഖത്തും പൂർണമായ പ്രവർത്തനം പൊലീസ് സേന കാഴ്ച വെക്കുന്നു. കുട്ടിയെ കാണുന്നില്ല എന്ന വിവരം കിട്ടിയ ഉടനെ പ്രവർത്തന നിരതമാകാൻ പൊലീസിന് കഴിഞ്ഞു. ദുരന്ത മുഖത്ത് മാതൃകാപരമായ പ്രവർത്തനമാണ്. ഡ്യൂട്ടി സമയം ആരും പരിഗണിച്ചില്ല. തളർന്നപ്പോൾ വിശ്രമിക്കാൻ തയ്യാറായില്ല. ഒരു മനുഷ്യനെങ്കിൽ ഒരു മനുഷ്യനെ രക്ഷിക്കാൻ ആവശ്യമായത് എല്ലാം ചെയ്യുക, മനുഷ്യത്യമാണ് അവിടെ കണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉള്ള വരുമാനം കൊണ്ട് ജീവിക്കാൻ ശ്രമിക്കണം, അപ്പോൾ ജീവിതം സംതൃപ്തം ആവും. ചുറ്റുപാട് ഉള്ളതെല്ലാം പോരട്ടെയെന്ന് കരുതുന്നവർക്ക് ഒരു കാലത്തും സമാധാനം ഉണ്ടാവില്ല. വല്ലവന്റെയും പണത്തിൽ അല്ല ജീവിക്കുന്നതെന്ന് അന്തസ്സോടെ പറയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഒ.ആര്‍ കേളു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ‘വളരുന്ന കേരളം, വളരേണ്ട പോലീസ്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
Description: the-work-of-the-kerala-police-is-exemplary-and-should-be-more-involved-in-the-activities-of-the-drug-mafia.