വാഴയും ചേമ്പും കുത്തിമറിച്ച് നശിപ്പിച്ച് കാട്ടുപന്നി; കീഴരിയൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും കാട്ടുപന്നിക്കൂട്ടം, ആശങ്കയില്‍ കര്‍ഷകര്‍ 


കീഴരിയൂര്‍: കീഴരിയൂരില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. ആഴ്ചകളായി കീഴരിയൂരിലെ വിവിധയിടങ്ങളിലെ കാര്‍ഷിക വിളകള്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി നശിപ്പക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം കീഴരിയൂര്‍ നടുവത്തൂര്‍
തത്തം വള്ളി പൊയില്‍ പ്രദേശത്ത് രാത്രി റോഡില്‍ കൂട്ടമായി പന്നികള്‍ ഇറങ്ങിയിരുന്നു.

നാല് കാട്ടുപന്നികളാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിന് സമീപത്തായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടത്. വാഹനങ്ങള്‍ നിര്‍ത്തിയത് കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ പന്നികള്‍ കൂട്ടമായി റോഡിന് സമീപത്തായി തന്നെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഹോണ്‍ അടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് റോഡില്‍ നിന്നും ഇവയെ തുരത്തിയത്.

പ്രദേശത്തിന് സമീപത്തായുള്ള വാഴ, ചേമ്പ്, തുടങ്ങിയ കാര്‍ഷിക വിളകള്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചിട്ടുണ്ട്. കുറച്ച് ദിവസം മുന്‍പ് രണ്ട് കാട്ടുപന്നികളെയായിരുന്നു ശ്രദ്ധയില്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇന്നലെയോടെ ഇവ രാത്രിയും പകലും കൂട്ടമായി ഇറങ്ങുകയായിരുന്നെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സമീപത്തെ മലയില്‍ നിന്നും ഇറങ്ങി വന്ന് റോഡിന് സമീപത്തായുള്ള വയലിലാണ് പന്നികളുടെ താവളം. ഇതുവരെയും ആളുകള്‍ക്ക് നേരെ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് പന്നികളുടെ ശല്യത്തില്‍ നേരിടുന്നത്. വിളവെടുക്കാനായ ചേമ്പ്, വാഴ, പൂള എന്നിവയാണ് നശിപ്പിച്ചിരിക്കുന്നത്.

കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എത്രയുംപെട്ടെന്ന് ഇവയെ കാട്ടിലേയ്ക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.