കൊയിലാണ്ടി കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ തിമിംഗലത്തെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍


കൊയിലാണ്ടി: കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണന്‍കടവ് ജംഗ്ഷനില്‍ അഴിമുഖത്ത് വടക്കുഭാഗത്ത് കടല്‍ഭിത്തിയ്ക്ക് സമീപമായാണ് തിമിംഗലം കുടുങ്ങിയത്. കടല്‍ഭിത്തിയ്ക്ക് സമീപത്തേയ്ക്ക് മീനിനെ ഭക്ഷിക്കാനായി എത്തിയ തിമിംഗലം കടല്‍ഭിത്തിയില്‍ തട്ടി കുടുങ്ങുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സ്ഥലത്തെ മണ്ണില്‍തട്ടി തിരിച്ച് കടലിലേയ്ക്ക് പോകാന്‍ കഴിയാതെ വന്നതോടെ സമീപത്ത് ഉണ്ടായിരുന്ന പന്ത്രണ്ടോളം മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ഒരുമണിക്കൂറോളം പണിപ്പെട്ടാണ് തിമിംഗലത്തെ തിരിച്ച് കടലിലേയ്ക്കയച്ചത്. ഇതില്‍ ചിലര്‍ക്ക് തിമിംഗലത്തിന്റെ വാല്‍ഭാഗം തട്ടി പരിക്കേറ്റിട്ടുണ്ടെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

 

രാജീവന്‍, രഞ്ജിത്ത്, ഷൈജു, വിഷ്ണു, സജിത്ത് ലാല്‍, സുധീര്‍, രോഹിത്ത്, വിപിന്‍, ഷിജു, അരുണ്‍, ലാലു, രജീഷ്, ഹരീഷ് എന്നിവരാണ് തിമിംഗലത്തെ തിരിച്ച് കടലിലേയ്ക്കയച്ചത്.

 

 

Description: the-whale-got-stuck-in-the-kannankadav-area.