‘പയ്യോളിയിലെ വെള്ളക്കെട്ടിനും ഗതാഗത പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുക’; പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസ് ഉപരോധിച്ചു


പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന പയ്യോളിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ വാഗാഡിന്റെ ഓഫീസ് ഉപരോധിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും നന്തിയിലെ വാഗാഡ് ഓഫീസ് ഉപരോധത്തില്‍ പങ്കുചേര്‍ന്നു.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന മൂരാട് മുതല്‍ തിക്കോടി വരെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങളാല്‍ വലയുകയാണ്. സര്‍വ്വീസ് റോഡിലെ ഓവുചാല്‍ നിര്‍മ്മാണം ശാസ്ത്രീയമല്ലാത്തതും വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതും കാരണം ശക്തമായി ഒരു മഴ പെയ്താല്‍ സര്‍വ്വീസ് റോഡുകള്‍ വെള്ളത്തിലാവുന്ന സ്ഥിതിയാണ്. റോഡിലെ വലിയ കുഴികളും മറ്റും അപകടങ്ങള്‍ക്കും വഴിവെക്കുന്നു.

മൂരാട് മുതല്‍ തിക്കോടി വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. പയ്യോളി, മൂരാട് ഭാഗങ്ങളില്‍ സര്‍വ്വീസ് റോഡുകളിലൂടെ ചെറുവാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്്. ചെറുവാഹനങ്ങള്‍ ഇതുവഴി പോകുന്നത് അത്യന്തം അപകടകരവുമാണ്. വെള്ളക്കെട്ടുകാരണം റോഡില്‍ കുഴിയുണ്ടോയെന്നത് മനസിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.