ഉള്ള്യേരിയില്‍ സ്ഥലം ഡിജിറ്റല്‍ സര്‍വേ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസ്; അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത് പ്രതികളുമായി വിജിലന്‍സ് തെളിവെടുപ്പ് നടത്തി
ഉള്ള്യേരി: ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ സര്‍വേയര്‍മാരെ കസ്റ്റഡിയില്‍ വാങ്ങി വിജിലന്‍സ് തെളിവെടുപ്പ് നടത്തി. ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ നരിക്കുനി സ്വദേശി എന്‍.കെ മുഹമ്മദ്, സെക്കന്‍ഡ് ഗ്രേഡ് സര്‍വേയര്‍ നായര്‍കുഴി പുല്ലുംപുതുവയല്‍ എം ബിജേഷ് എന്നിവരെയാണ് മുണ്ടോത്ത് ഡിജിറ്റല്‍ സര്‍വേ ക്യാംപ് ഓഫിസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
രണ്ടുദിവസത്തെ കസ്റ്റഡിക്കായി വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും വിജിലന്‍സ് കോടതി ഒരു ദിവസം മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. കേസിലെ തെളിവിലേക്ക് ആവശ്യമായ പ്രധാന രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു.
ജനുവരി 13-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നാറാത്ത് സ്വദേശിയുടെ അനുജന്റെ പേരിലുള്ള അഞ്ച് ഏക്കര്‍ 45 സെന്റ് സ്ഥലം ഡിജിറ്റല്‍ സര്‍വേ ചെയ്തപ്പോള്‍ അളവില്‍ കുറവ് വന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി വീണ്ടും ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് 25000 രൂപയാണ് കൈക്കൂലിയായി പരാതിക്കാരനില്‍ നിന്നും ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുഹമ്മദിനെ പിടികൂടിയത്.പിന്നീടാണ് എം.ബിജേഷിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ കെ.കെ ആകേഷ് എസ്ഐ മാരായ രാധാകൃഷ്ണന്‍, സന്തോഷ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലാം, പോലീസുദ്യോഗസ്ഥരായ സുഷാന്ത്, ശോജി, ജയേഷ്, രാഹുല്‍, എന്നിവരായിരുന്നു ഉണ്ടായിരുന്നത്.