വാഹനങ്ങൾ കടത്തി വിടുന്നത് ഒരു വശത്തുകൂടെ; അടിപ്പാത തുറന്നിട്ടും ​ഗതാ​ഗതക്കുരുക്കിൽ വീർപ്പുമുട്ടി കൊയിലാണ്ടി- മുത്താമ്പി റോഡ്


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന മുത്താമ്പി റോഡില്‍ പുതുതായി നിര്‍മ്മിച്ച അടിപ്പാതയിലൂടെ ഭാഗികമായി മാത്രം വാഹനങ്ങള്‍ കടത്തി വിടുന്നതോടെ ബുദ്ധിമുട്ടിലായി യാത്രക്കാർ. ഒരു വശത്തു കൂടി മാത്രം വാഹനങ്ങള്‍ കടത്തിവിടുന്നതാണ് ഗതാഗത സ്തംഭനത്തിനൊപ്പം അപകട സാധ്യതയ്ക്കും ഇടയാക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ട് മുതലാണ് അടിപ്പാതയ്ക്കുള്ളിലൂടെ ഗതാഗതം അനുവദിച്ചത്.

നിലവിൽ അടിപ്പാതയുടെ ഒരു ഭാഗത്ത് കൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. മറ്റേ ഭാ​ഗത്തെ വഴി ​ഗതാ​ഗത യോഗ്യമാക്കാത്തത് കാരണം ടാര്‍ വീപ്പകളും കുറ്റിക്കാലുകളും നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. തിരക്കുളള സമയങ്ങളില്‍ രണ്ട് വശത്തു നിന്നും വാഹനങ്ങള്‍ വന്നാല്‍ ഇടുങ്ങിയ റോഡിലൂടെ കടന്നു പോകാന്‍ വലിയ പ്രയാസമാണ്. മെറ്റല്‍ നിരത്തി റോഡ് പൂര്‍ണ്ണമായി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പണി പൂര്‍ത്തിയാകാത്തതാണ് പൂര്‍ണ്ണമായി അടിപ്പാത തുറന്ന് കൊടുക്കാത്തതിന് തടസ്സമായി അധികൃതര്‍ പറയുന്നത്.

ഇവിടെ അടിപ്പാതയില്‍ ശക്തമായ മഴ പെയ്താല്‍ ചെളിവെളളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. മുത്താമ്പി റോഡില്‍ നിന്ന് ഒരു മീറ്റര്‍ താഴ്ചയിലാണ് അടിപ്പാത നിര്‍മ്മിച്ചിട്ടുള്ളത്. അതിനായി ഇരു ഭാഗങ്ങളില്‍ നിന്നും 50 മീറ്റര്‍ മാറി പഴയ റോഡ് പൊളിച്ചുനീക്കി പാലത്തിനടിയിലേക്ക് സ്ലോപ്പ് ചെയ്താണ് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ നിലവിലുളള മുത്താമ്പി റോഡില്‍ നിന്ന് ഒരു മീറ്ററോളം താഴ്‌ന്ന നിലയിലാണ് അടിപ്പാത ഉളളത്. അതാണ് വെളളം കെട്ടി നില്‍ക്കാന്‍ കാരണം. ഈ പ്രശ്‌നത്തിനും ശാശ്വാത പരിഹാരം വേണം.

നാലര മീറ്റര്‍ ഉയരവും ആറര മീറ്റര്‍ വീതിയുമാണ് അണ്ടര്‍ പാസിനുള്ളത്. അണ്ടര്‍പ്പാസിനോട് ചേര്‍ന്ന് ബൈപ്പാസിന്റെ പണി പുരോഗമിക്കുകയാണ്. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ ആദ്യം പൂര്‍ത്തിയായ അടിപ്പാതയാണ് മുത്താമ്പി റോഡിലേത്.

നന്തി-മുതല്‍ ചെങ്ങോട്ടുകാവ് വരെ 11 കിലോമീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമാണ് ബൈപ്പാസ് നിര്‍മ്മാണം. കോമത്തുകരയില്‍ മേല്‍പ്പാലമാണ് നിര്‍മ്മിക്കുന്നത്. മേല്‍പ്പാലത്തിന്റെ പില്ലര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഇനി സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യണം. മൂടാടി ഹില്‍ബസാര്‍ റോഡിലും ആനക്കുളം മുചുകുന്ന് റോഡിലും അണ്ടര്‍പാസ് അനുവദിക്കുമെന്ന് പ്രഖ്യാപനമുണ്ട്. അതേ പോലെ പൊയില്‍ക്കാവ്, പൂക്കാട് ടൗണിലും അണ്ടര്‍ നിര്‍മ്മിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇതിന്റെ പ്രവൃത്തി തുടങ്ങിയിട്ടില്ല.

Summary: the underpass was opened but the Muthambi road is stuck in a traffic jam