ചോമ്പാല്‍ ഹാര്‍ബര്‍ കമ്മിറ്റിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും; മറ്റിടങ്ങളില്‍ നിന്നും തിക്കോടിയില്‍ തോണിയിറക്കുന്നതിനും മത്സ്യംവില്‍ക്കുന്നതിനുമുള്ള നിരോധനം നീക്കാനുള്ള ശ്രമവുമായി തിക്കോടി കോടിക്കല്‍ കടപ്പുറത്തെ ദല്ലാള്‍ കമ്മിറ്റി
തിക്കോടി: മറ്റു ബീച്ചുകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ തിക്കോടി കോടിക്കല്‍ ബീച്ചില്‍ മത്സ്യബന്ധനം നടത്തുന്നതിനും വില്‍ക്കുന്നതിനും ഇവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റിടങ്ങളില്‍ തോണിയിറക്കാനും മത്സ്യവില്‍പ്പന നടത്താനുമുണ്ടായിരുന്ന വിലക്ക് നീങ്ങാന്‍ വഴിയൊരുങ്ങുന്നു. തിക്കോടി കോടിക്കല്‍ ബീച്ച് മത്സ്യവിതരണ കമ്മിറ്റിയാണ് പ്രശ്‌നം പരിഹരിക്കാനായി മുന്നോട്ടുവന്നിരിക്കുന്നത്.
ചോമ്പാല ഹാര്‍ബര്‍ കമ്മിറ്റിയുമായി ഈ വിഷയങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തീരുമാനിച്ചതായി തിക്കോടി കോടിക്കല്‍ കടപ്പുറത്തെ ദല്ലാള്‍ കമ്മിറ്റി സെക്രട്ടറി ജിത്തു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച് ചോമ്പാല്‍ ഹാര്‍ബര്‍ കമ്മിറ്റി ഭാരവാഹികളുമായി അനൗപചാരിക ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് ചര്‍ച്ചയ്ക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള വഴിയൊരുക്കുമെന്നും ജിത്തു വ്യക്തമാക്കി.
ദല്ലാളിമാരുടെ കമ്മിറ്റിയുടെ മറ്റ് തീരുമാനങ്ങള്‍:
തുഴിപ്പണി (രാത്രികാല മത്സ്യബന്ധനം) നിര്‍ത്താനും പുലര്‍ച്ചെ നാലുമണിക്ക് ശേഷം മാത്രം മത്സ്യബന്ധനത്തിന് പോകാനും പാടുള്ളൂ. ഇത് ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ 10000 രൂപ ഫൈന്‍ ഇടാനും ഇങ്ങനെ പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങള്‍ കടലില്‍ ഉപേക്ഷിക്കാനും തീരുമാനിച്ചു.
മത്സ്യവിപണനം ചെയ്യാന്‍ താല്‍ക്കാലിക ഷെഡും ഒരു ഇരിപ്പിടവും ഉണ്ടാക്കുവാന്‍ തീരുമാനിച്ചു.
നിയമങ്ങള്‍ ലംഘിക്കുന്ന ഫൈബര്‍ വള്ളത്തിന്റെ ഫൈന്‍ ഉത്തരവാദിത്തം ദല്ലാളി ഏറ്റെടുക്കേണ്ടതാണ്. ഫൈന്‍ അടക്കാത്ത പക്ഷം ഫൈബര്‍ വള്ളത്തിലെ മീന്‍ വില്‍ക്കാന്‍ അനുവദിക്കില്ല.