ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്യവെ പോലീസിനെ കണ്ടു, ഭയന്നോടിയ വിദ്യാർത്ഥി വീണത് 40 അടിയോളം താഴ്ചയുള്ള കിണറിൽ; രക്ഷകരായി മുക്കത്തെ ഫയർ ഫോഴ്സ്


കോഴിക്കോട്: മുക്കത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കിണറ്റില്‍ വീണ് പരിക്ക്. കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഫദല് (20) ആണ് കണറിൽ വീണത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തില്‍ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കവേ പൊലീസിനെ കണ്ടു ഭയന്ന് വാഹനം പാർക്ക് ചെയ്ത് കുട്ടി ഓടുകയായിരുന്നു. ഇതിനിടെ ബദ്ധവശാല്‍ കിണറ്റില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളാണ് കിണറ്റില്‍ വീണ വിവരം എല്ലാവരെയും അറിയിച്ചത്.

പൂളക്കോട് സെന്‍റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്‍റെ സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളമുള്ള കിണറ്റിലാണ് കുട്ടി വീണത്. ഉടൻ തന്നെ മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി റോപ്പിന്‍റെയും റെസ്ക്യു നെറ്റിന്‍റെയും സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി രക്ഷപെടുത്തുക യായിരുന്നു.

വിദ്യാർത്ഥിക്ക് സാരമായ പരിക്കുകളേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് മുക്കം അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എം അബ്‍ദുള്‍ ഗഫൂർ , സീനിയർ ഫയർ ഓഫീസർ സി മനോജ്‌, സേനാംഗങ്ങളായ സനീഷ് പി ചെറിയാൻ, പി ടി ശ്രീജേഷ് , വൈ പി ഷറഫുദ്ധീൻ, കെ പി അജീഷ്, ടി പി ഫാസില്‍ അലി, കെ എസ് ശരത്, വി എം മിഥുൻ, ജോളി ഫിലിപ്പ് എന്നിവർ നേതൃത്വം നല്‍കി.

Summary: The terrified student fell into a 40-feet-deep well when police were spotted riding a scooter without a helmet; Mukkame Fire Force as rescuers