ഇവര്‍ തിളക്കമാര്‍ന്ന സേവനമനുഷ്ടിച്ചവര്‍; നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറ് സ്‌കൂളിനെ മികവിലെത്തിച്ച അധ്യാപകരെ വീടുകളില്‍ച്ചെന്ന് ആദരിച്ചു


നടുവണ്ണൂര്‍ :  നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ദേശീയതലത്തില്‍ അടയാളപ്പെടുത്തിയ അധ്യാപകരായ ഇ. അച്യുതന്‍ മാസ്റ്ററെയും ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെയും ആദരിച്ചു. അധ്യാപകരംഗത്ത് ദേശീയ പുരസ്‌കാരം നേടിയ ഇരുവരും നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ്. ലെ അധ്യാപകരായിരുന്നു.

പൊന്നാടയണിയിച്ചും പ്രത്യേകം വരച്ചു തയ്യാറാക്കിയ ചിത്രങ്ങള്‍ നല്‍കിയുമാണ് ആദരിച്ചത്. അധ്യാപന കാലഘട്ടത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു. വോളിബോള്‍ രംഗത്ത് നിരവധി പേരെ മികച്ച വിജയത്തിലെത്തിക്കാന്‍ അച്യുതന്‍ മാസ്റ്റര്‍ക്കും സ്‌കൗട്ട് രംഗത്ത് തിളക്കമാര്‍ന്ന സേവനം കാഴ്ചവച്ച് വേറിട്ട പ്രവര്‍ത്തനം നടത്താന്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍ക്കും കഴിഞ്ഞത് അവരെ മാതൃകാ അധ്യാപരാക്കിയെന്ന് ആദരിക്കല്‍ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍.എം. മൂസ്സക്കോയ പറഞ്ഞു.

ഓരോ അധ്യാപകനും തന്റെ വിദ്യാലയത്തില്‍ ഏതെങ്കിലും തരത്തില്‍ ഒരു അടയാളപ്പെടുത്തല്‍ നടത്തണമെന്ന് മുന്‍ സംസ്ഥാന സ്‌കൗട്ട് മേധാവി കൂടിയായ ബാലചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇ.കെ ശ്യാമിനി അധ്യാപകരായ നൗഷാദ് വി.കെ, സാജിദ് വി.സി. സുജാല്‍ സി.പി, സുരേഷ് ബാബു എ.കെ, രാജേഷ് കെ.എം എന്നിവര്‍ സംസാരിച്ചു.

SAUMMARY: The teachers who brought excellence to the naduvannur higher secondary school were honored by going to their homes.