പരീക്ഷക്കാലം; ഡിസംബറില്‍ നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേയ്ക്ക് മാറ്റി


തിരുവനന്തപുരം: ഡിസംബറില്‍ നടത്താനിരുന്ന 63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവന്‍കുട്ടി. തിരുവന്തപുരത്ത് വെച്ചാകും കലോത്സവം നടക്കുക. തീയതി പിന്നീട് തീരുമാനിക്കും. മുന്‍പ് ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്. ഇത്തവണ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് നാസ് പരീക്ഷ എഴുതുന്നത്. ഡിസംബര്‍ 12 മുതല്‍ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാര്‍ഷിക പരീക്ഷയാണ്. 21 മുതല്‍ 29വരെ ക്രിസ്മസ് അവധിയും. ഈ സാഹചര്യത്തിലാണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്.

സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്‌കൂള്‍തല മത്സരം 15നകം പൂര്‍ത്തിയാക്കും. ഉപജില്ലാതലം നവംബര്‍ പത്തിനും ജില്ലാതലം ഡിസംബര്‍ മൂന്നിനുമകം പൂര്‍ത്തിയാക്കും. കലോത്സവ മാന്വവലില്‍ ഭേദഗതി ഉള്‍പ്പെടുത്തി സമഗ്രമായി പരിഷ്‌കരിച്ചിരുന്നു. ഗോത്ര നൃത്തരൂപങ്ങളായ മംഗലംകളി, പണിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവ മത്സര ഇനങ്ങളായി ഉള്‍പ്പെടുത്തി. ഇതുപ്രകാരം കലോത്സവ വെബ്സൈറ്റ് പരിഷ്‌കരിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Summary: The state school art festival, which was to be held in December, has been shifted to January.