ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക്
ചേമഞ്ചേരി: ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക്. ചേലിയ കഥകളി വിദ്യാലയം ഹാളില്‍ നടന്ന പരിപാടിയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് പുരസ്‌കാര ജേതാവിന്റെ പേര് ഔപചാരികമായി പ്രഖ്യാപിച്ചു.
ചെണ്ട വാദ്യ രംഗത്തെ പ്രഗല്‍ഭനും ഗുരു ചേമഞ്ചേരിയുടെ കൂടെ നിരവധി വര്‍ഷം കഥകളിയില്‍ ചെണ്ട വാദകനുമായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പുരസ്‌കാരത്തിന് ഏറെ അര്‍ഹനാണ് എന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ശിവദാസ് ചേമഞ്ചേരി, ഡോക്ടര്‍ ഒ. വാസവന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.ശില്പവും, പ്രശംസാപത്രവും , ക്യാഷ് അവാര്‍ഡുവാണ് വിജയിയ്ക്ക് നല്‍കുക. ജൂലായ് മാസം കൊയിലാണ്ടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.
ചടങ്ങില്‍ പ്രശസ്ത കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ദ്വിവത്സര കഥകളി പരിശീലന ക്ലാസിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കഥകളി വിദ്യാലയം സെക്രട്ടറി സന്തോഷ് സത് ഗമയ സ്വാഗതം പറഞ്ഞു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.എം കോയ, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുള്‍ ഷുക്കൂര്‍, കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ:. എന്‍ വി സദാനന്ദന്‍, പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കലാമണ്ഡലം ശിവദാസ് നന്ദി പറഞ്ഞു.