”മരുന്ന് മാഫിയയുടെ പിന്‍ബലംകൊണ്ട് തെരുവ് നായ സ്‌നേഹികള്‍ നടത്തുന്ന ഒളിപോരാട്ടം ശക്തമായി നേരിടും, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന”; പേപ്പട്ടിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തതിനു പിന്നാലെ നിലപാട് വ്യക്തമാക്കി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍


പേരാമ്പ്ര: മരുന്ന് മാഫിയയുടെ പിന്‍ബലംകൊണ്ട് തെരുവ് നായ സ്‌നേഹികള്‍ നടത്തുന്ന ഒളിപോരാട്ടം ശക്തമായി നേരിടുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. പേപ്പട്ടിയെ വെടി വച്ചു കൊന്ന സംഭവത്തില്‍, ‘തെരുവ് നായ സ്‌നേഹികള്‍’ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തതിനു പിന്നാലെയാണ് കെ.സുനില്‍ നിലപാട് വ്യക്തമാക്കിയത്.

ഒരുപക്ഷേ വലിയ ദുരന്തം തന്നെ സംഭവിച്ചേക്കാവുന്ന സാഹചര്യത്തില്‍ ആണ് ഭ്രാന്തന്‍ നായയെ വെടി വച്ചു കൊല്ലുക എന്ന തീരുമാനം എടുക്കേണ്ടി വന്നത്. തെരുവ് നായ കടിച്ച് തൊട്ടടുത്ത, കൂത്താളി പഞ്ചായത്തില്‍ ചന്ദ്രിക എന്ന വീട്ടമ്മ കൊല്ലപ്പെട്ടത് നമ്മള്‍ കണ്ടതാണ്. അത്തരം സംഭവങ്ങളില്‍ പൊതു ജനത്തിന്റെ സുരക്ഷ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം ആണെന്ന് തന്നെയാണ് ഇപ്പോഴും സ്വീകരിക്കുന്ന നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ജനങ്ങളുടെ സമാധാന പൂര്‍ണമായ ജീവിതം ഉറപ്പ് വരുത്താന്‍ സ്വീകരിച്ച നടപടിയുടെ പേരില്‍,
മരുന്ന് മാഫിയയുടെ പിന്‍ബലം കൊണ്ട് തെരുവ് നായ സ്‌നേഹികള്‍ നടത്തുന്ന ഒളി പോരാട്ടം ഏതറ്റം വരെ പോയാലും അത് നേരിടാന്‍ ഉള്ള കരുത്ത് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുമെന്ന് ഉറച്ച വിശ്വാസം ഉണ്ട്. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഇനി അതിനപ്പുറം എവിടെ എങ്കിലുമോ കൊടുക്കുന്ന കേസും അതിനോട് അനുബന്ധമായ വിഷയങ്ങളും ഏറ്റെടുത്ത്, ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി തന്നെയാകും ഇനിയും ഈ നാടിനെ നയിക്കാന്‍ ശ്രമിക്കുകയെന്നും കെ.സുനില്‍ അറിയിച്ചു.

തെരുവ് നായ്ക്കളുടേതിനേക്കാള്‍ വൃത്തികെട്ട മനസ്സും കൊണ്ട് ഇത്തരം സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത പ്രവൃത്തി ചെയ്യുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അതിശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.