കൂരാച്ചുണ്ട് കല്ലാനോട് മേഖലയില്‍ ഉഗ്ര ശബ്ദത്തോടെ തെന്നിനീങ്ങി പാറ; അപകട ഭീഷണിയില്‍ താഴ്‌വാരത്തെ ജനങ്ങള്‍


കൂരാച്ചുണ്ട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്രശബ്ദം കേട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍.ആര്‍.ഇ.പി പൂത്തോട്ട് ഭാഗത്താണ് ശബ്ദമുണ്ടായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവത്തുംചോല എന്‍.ആര്‍.ഇ.പി മലഭാഗത്ത് വലിയ പാറ നീങ്ങിയതാണ് ശബ്ദത്തിന് കാരണമായതെന്ന് വ്യക്തമായതായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പാറ അന്‍പത് മീറ്ററോളം നീങ്ങിയിട്ടുണ്ട്. ഇവിടെ വലിയ തോതില്‍ മണ്ണിടിഞ്ഞ് നില്‍ക്കുന്നുമുണ്ട്. നിലവില്‍ അപകടമൊന്നുമുണ്ടായില്ല. എന്നാല്‍ ഇനിയും മുന്നോട്ട് നീങ്ങിയാല്‍ താഴ്ഭാഗത്ത് ജനവാസമേഖലയാണെന്നും വലിയ അപകടത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകട സാധ്യത മുന്നില്‍ക്കണ്ട് താഴെയുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

മുമ്പ് മലയിടിച്ചിലില്‍ ഭൂമിക്ക് വിള്ളല്‍ സംഭവിച്ച മേഖലയാണിത്. പഞ്ചായത്ത് മെംബര്‍മാരായ സിമിലി ബിജു, അരുണ്‍ ജോസ്, കൂരാച്ചുണ്ട് എസ് എച്ച് ഒ എല്‍. സുരേഷ് ബാബു എന്നിവര്‍ സ്ഥലത്ത് എത്തി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.