‘എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ എന്റെ പെണ്ണ്’, വെടിവയ്ക്കും മുന്‍പ് സന്തോഷിന്റെ എഫ്ബി പോസ്റ്റ്; കണ്ണൂരിലെ കൊലപാതകത്തിന് കാരണം സുഹൃത്തിന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാന്‍ സാധിക്കാത്തതിലെ പക


കണ്ണൂർ: കൈതപ്രത്ത് നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ചുകൊന്ന കേസില്‍ എഫ്ഐആർ വിവരങ്ങൾ പുറത്ത്. കൊലക്ക് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലെന്നാണ്‌ എഫ്ഐആർ റിപ്പോര്‍ട്ട്‌. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാലയ്ക്കു സമീപത്തായിരുന്നു സംഭവം.

പ്രതി സന്തോഷിന്‍റെയും കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെയും കുടുംബവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. സന്തോഷും രാധാകൃഷ്ണന്‍റെ ഭാര്യയും സഹപാഠികളായിരുന്നു. ഈ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിൽ അംഗമാണ് സന്തോഷ്. കേസിൽ പ്രതി സന്തോഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രാവിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

മാത്രമല്ല പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുൻപും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു അടിക്കുറിപ്പ്. ശേഷം വൈകിട്ട്‌ 7.27ന് ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്ന അടിക്കുറിപ്പോടെ മറ്റൊരു പോസ്റ്റും ഇട്ടിരുന്നു.

രാവിലെ 9:52ന് മറ്റൊരു പോസ്റ്റും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ‘ചില തീരുമാനം ചിലപ്പോൾ മനസ്സിൽ ഉറപ്പിച്ചിട്ടായിരിക്കും. നമ്മൾ അത് മനസിലാക്കാൻ വൈകി പോകും. അവസാനഘട്ടത്തിൽ പോലും മനസിലാകാതെ വന്നാൽ കൈവിട്ടു പോകും. നമ്മുടെ നില നമ്മൾ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാൽ ചിലപ്പോൾ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിർത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തിൽ ആർക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവർക്ക് മുന്നിൽ പോകരുത് അവർ നമ്മളെ ഒരിക്കലും കാണരുത്’ എന്നായിരുന്നു പോസ്റ്റ്.

നിര്‍മ്മാണത്തിലിരിക്കുന്ന രാധാകൃഷ്ണന്റെ വീട്ടിലെത്തിയാണ് സന്തോഷ് വെടിയുതിര്‍ത്തത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിന് പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്‌. നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രാധാകൃഷ്ണൻ. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വിവരമറിഞ്ഞു പരിയാരം പൊലീസ് എത്തി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് വീടിനുള്ളിൽ ഒളിച്ചുനിന്ന സന്തോഷിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന സന്തോഷ്, പിടിയിലാകുമ്പോൾ ‘ഞാനെല്ലാം പറയാമെന്നും പോലീസിനോട്‌ പറയുന്നുണ്ടായിരുന്നു.

മരിച്ച രാധാകൃഷ്ണൻ ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നു. ഇയാളുടെ ഭാര്യ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗമാണ്. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.

Summary: FIR details have been released in the case of the shooting of a goods auto driver at a house under construction in Kaithaprat.